ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യ ഇടനിലക്കാരി ദിവ്യ നായർ പിടിയിൽ; ഇരുപത്തിയൊൻപത് പേരിൽ നിന്ന് തട്ടിയത് ഒരു കോടി എൺപത്തിയഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ പാളയം ജേക്കബ് ജംഗ്ഷൻ മുത്തുമാരിയമ്മൻ കോവിലിന് സമീപത്തെ വീട്ടിൽ നിന്നാണ് കേസിലെ ഒന്നാം പ്രതിയായ ദിവ്യയെ കസ്റ്റഡിയിലെടുത്തത്. രണ്ടാം പ്രതിയായ ഭർത്താവ് രാജേഷ് ഒളിവിലാണ്.ദിവ്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇരുപത്തിയൊൻപതുപേരുടെ പട്ടികയാണ് പൊലീസിന് ലഭിച്ചത്.
ഇവരിൽ നിന്ന് ഒരു കോടി എൺപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.ജോലി വാഗ്ദാനം ചെയ്ത്, വ്യാജ ഇന്റർവ്യൂ നടത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ ലീഗൽ മാനേജരും ഇന്റർവ്യൂ നടക്കുമ്പോൾ, അസി.ജനറൽ മാനേജരുമായിരുന്ന ശശികുമാരൻ തമ്പി ഉൾപ്പെട്ട അഞ്ചംഗ സംഘത്തിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ശശികുമാരൻ തമ്പിയുടെ വീട്ടിൽ ഉടൻ പരിശോധന നടത്തുമെന്നും ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
തന്നിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ മാസം 75,000 രൂപ ശമ്പളം വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ട് ബുക്കിൽ എഴുതിയ നിലയിൽ ഇരുപത്തിയൊൻപതു പേരുടെ ലിസ്റ്റ് ലഭിച്ചത്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
പ്രതികൾ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് പോസ്റ്റിടും.ഉദ്യോഗാർത്ഥികൾക്ക് ഇൻബോക്‌സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും.ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പി.എസ്.സിക്ക് വിടാത്തതാണ് തട്ടിപ്പിന് പിൻബലമായത്. ദിവ്യയുടെ പാളയത്തെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് പരാതിക്കാരി പണം നൽകിയത്.
കേസിലെ മറ്റൊരു പ്രതിയായ ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റർവ്യൂവിന് കൊണ്ടുപോയത്. അവിടെ വച്ച് ശശി കുമാരൻ തമ്പിയാണ് ഇന്റർവ്യൂ നടത്തിയത്. 15 ദിവസത്തിനകം അപ്പോയ്ന്റ്‌മെന്റ് ലെറ്റർ കിട്ടുമെന്നായിരുന്നു വാഗ്ദാനം.