മലയോര കര്‍ഷകരുടെ വേദന മനസ്സിലാക്കാതെ ഭൂപടമുണ്ടാക്കിയവര്‍ക്ക് മാപ്പില്ലെന്ന് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സമരമുഖത്തേക്ക് നീങ്ങുകയാണ് കത്തോലിക്കാസഭ. പ്രസ്തുത വിഷയത്തില്‍, തിങ്കളാഴ്ച കൂരാച്ചുണ്ടില്‍ ജനജാഗ്രതായാത്ര നടത്തുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു.
കേരള സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹസര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാപ്പ് പിന്‍വലിക്കണമെന്നും പകരം പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വ്വേ നടത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നുമാണ് സമരത്തിന് പിന്നിലെ ആവശ്യം.
തങ്ങളുടെ അഭ്യര്‍ത്ഥന പല തവണ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത വിഷയത്തില്‍ തരിമ്പും ആത്മാര്‍ത്ഥതയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സര്‍ക്കാരിന് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. എന്നിട്ടും, കണ്ടാല്‍ ആര്‍ക്കും അതിര്‍ത്തികള്‍ മനസ്സിലാവാത്ത തരത്തിലുള്ളതും തെറ്റുകള്‍ നിറഞ്ഞതുമായ ഒരു ഭൂപടമാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരെയും ജനങ്ങളെയും കൂടുതല്‍ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റാലി നടത്തുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. സമരത്തിന്റെ ഉദ്ഘാടകന്‍ താമരശ്ശേരി ബിഷപ്പ് തന്നെയായിരിക്കും.
മലയോര ജനതയുടെ വേദന മനസ്സിലാക്കാതെ ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് എങ്ങനെയാണ് മാപ്പ് നല്‍കാനാവുക എന്ന് ബിഷപ്പ് ചോദിച്ചു. ഇതുമായി പന്ധപ്പെട്ട് കഴിഞ്ഞദിവസം വനംമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക്, ബഫര്‍സോണ്‍ വിഷയത്തില്‍ വനംമന്ത്രി തന്നെയാണ് ഉറക്കം നടിക്കുന്നതെന്ന് ബിഷപ്പ് മറുപടി പറഞ്ഞു.
ബഫര്‍സോണ്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഓഫീസര്‍മാരെ മാത്രം നിയോഗിക്കാതെ, രണ്ടുമൂന്ന് മന്ത്രിമാരെയെങ്കിലും സര്‍ക്കാര്‍ നിയോഗിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ചുരുക്കത്തില്‍, മലയോരകര്‍ഷകരുടെ ആശങ്കപരിഹരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് കെസിബിസിയും കെസിബിസി നേതൃത്വത്തിലുള്ള കര്‍ഷകസംഘടനകളും ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി കര്‍ഷകര്‍ക്കെതിരാണെന്ന് കെസിബിസി കരുതുന്നില്ല. ബഫര്‍സോണുമായി ബന്ധപ്പെട്ട ജനദ്രോഹ നടപടികള്‍ക്കുപിന്നില്‍ മറ്റേതോ ലോബിയാണെന്നാണ് സംശയിക്കുന്നത്. എന്തുകൊണ്ടാണ് സര്‍വ്വേ റിപ്പോര്‍ട്ട് ഇത്രയും വൈകിപ്പിച്ചത് എന്നത് സംശയാജനകമാണ്. ബഫര്‍സോണിനുപിന്നില്‍ നിശ്ശബ്ദ കുടിയിറക്കാണ് നടത്തുന്നതെന്നും താമരശ്ശേരി രൂപത ആരോപിക്കുന്നു.
വനമേഖല കൂടാതെ റവന്യൂഭൂമി അടക്കമുള്ള സ്ഥലങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ മാത്രമാണ് സര്‍വ്വേ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്തുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥരെ നടപടികളുടെ ഭാഗമാക്കിയില്ല എന്നും ചോദിക്കുന്നു.