മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി; കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപണം

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന ജോണ്‍ കാര്‍മാക് ആണ് രാജിവെച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കാര്‍മാക് മെറ്റയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മെറ്റയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായല്ല നടക്കുന്നതെന്ന് കാര്‍മാക് ചൂണ്ടിക്കാട്ടി. മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള സ്വരച്ചേര്‍ച്ചയും അദ്ദേഹം പരസ്യപ്പെടുത്തി. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി മെറ്റയുടെ ഭാഗമായിരുന്നു കാര്‍മാക്.
കഴിഞ്ഞ കുറച്ചുനാളുകളായി മെറ്റയില്‍ കടുത്ത പ്രതിസന്ധി തുടരുകയാണ്. നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ രാജിവെച്ച് പുറത്തുപോയിരുന്നു.
മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവന്‍ രാജീവ് അഗര്‍വാള്‍, വാട്‌സാപ്പ് ഇന്ത്യയുടെ തലവന്‍ അഭിജിത് ബോസ് എന്നിവര്‍ രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. മെറ്റ ഇന്ത്യയുടെ തലവന്‍ അജിത് മോഹനും സ്ഥാനം ഒഴിഞ്ഞിരുന്നു.