ഇവിടെ പങ്കിടും പാതി മുറ്റവും അക്ഷരങ്ങളും

Share our post

ശ്രീകണ്ഠപുരം: സ്‌കൂളും വായനശാലയും ഒറ്റമതിലിനുള്ളിൽ പ്രവർത്തിക്കുന്ന അപൂർവതയാണ്‌ കാവുമ്പായി തളിയൻ രാമൻ നമ്പ്യാർ സ്മാരക പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തെ വേറിട്ട്‌ നിർത്തുന്നത്‌. കാവുമ്പായി ഗവ. എൽപി സ്‌കൂളാണ്‌ വായനശാല കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്‌. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ജ്വലിക്കുന്ന കാവുമ്പായി കർഷകസമരത്തിന്റെ സ്മാരകം കൂടിയാണ്‌ വായനശാല.

കാവുമ്പായി സമരനായകരിലൊരാളായ തളിയൻ രാമൻ നമ്പ്യാരുടെ സ്മരണയ്‌ക്കായി 1962ലാണ്‌ വായനശാല സ്ഥാപിക്കുന്നത്‌. രാമൻ നമ്പ്യാരുടെ മകൻ ഇ കെ രാഘവൻ നമ്പ്യാർ കമ്യൂണിസ്റ്റ് പാർടിയുടെ അന്നത്തെ ബ്രാഞ്ച് സെക്രട്ടറി പി .പി ഗോവിന്ദൻ നമ്പ്യാരുടെ പേരിൽ നൽകിയ സ്ഥലത്താണ് വായനശാല നിർമിച്ചത്.

പി. പി ഗോവിന്ദൻ നമ്പ്യാർ, എം .സി കേപ്പുക്കുട്ടി, ഇ .കെ രാഘവൻ നമ്പ്യാർ, എസ്‌. കെ മാധവൻ തുടങ്ങിയവരായിരുന്നു ആദ്യകാല സംഘാടകർ. കാവുമ്പായി ബാലകൃഷ്ണൻ, എം .സി ഹരിദാസൻ, എസ്‌. കെ നാരായണൻ, എം. സി ശ്രീധരൻ, എം .വി കുഞ്ഞിരാമൻ തുടങ്ങിയവർ ഗ്രന്ഥാലയത്തെ ഉന്നതിയിലെത്തിക്കുന്നതിന്‌ മുന്നിട്ട്‌ പ്രവർത്തിച്ചു. 2000 ലാണ്‌ കെട്ടിടം നവീകരിച്ചത്‌.

ആറ്‌ ലക്ഷത്തോളം രൂപ വിലമതിക്കുന്ന 11,158 പുസ്തകങ്ങളുടെ ശേഖരമുണ്ട് ഗ്രന്ഥശാലയിൽ. ആനുകാലികങ്ങളായി 35ഓളം പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. വായനശാല അംഗങ്ങളായി 505 പേരുണ്ട്‌. ആയിരക്കണക്കിനു കുട്ടികൾക്ക് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം പകരാൻ വായനശാലക്ക്‌ കഴിഞ്ഞു. പഠനവീട്, വായനക്കളരി, പുസ്തക കൂട്ട്, സ്‌നേഹസദനം, സ്റ്റഡി സെന്റർ, വനിതാ, ബാലവേദികൾ തുടങ്ങിയവ ഈ സാംസ്‌കാരിക കേന്ദ്രത്തെ മികവിലേക്ക്‌ ഉയർത്തുന്നു.

ടി .വി ജയേഷ്‌ പ്രസിഡന്റും എ. രാമൻ സെക്രട്ടറിയുമാണ്‌.
രാജ്യത്തെ പ്രഥമ ലൈബ്രറി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്നതിന്റെ ആവേശത്തിലാണ്‌ ഗ്രന്ഥശാല പ്രവർത്തകർ. വായനശാലയുടെ ചരിത്രം ഡോക്യുമെന്ററിയായി ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!