പുനർ വിവാഹിതയെന്ന് തെറ്റായ റിപ്പോർട്ട്; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Share our post

കണ്ണൂർ: പുനർ വിവാഹിതയല്ലാത്ത സ്ത്രീ പുനർ വിവാഹിതയാണെന്ന് സാക്ഷ്യപത്രം നൽകിയതിനെ തുടർന്ന് സാമൂഹിക സുരക്ഷാ പെൻഷൻ (വിധവാ പെൻഷൻ) നിരസിക്കപ്പെട്ട സംഭവത്തിൽ ഐസിഡിഎസ് സൂപ്പർവൈസർക്ക് മനുഷ്യാവകാശ കമ്മിഷന്റെ ശാസന.

വീഴ്ച ആവർത്തിക്കരുതെന്ന് കമ്മിഷൻ കർശന നിർദേശം നൽകി.സാക്ഷ്യപത്രം കാരണം വിധവാ പെൻഷൻ നഷ്ടമായ സാഹചര്യത്തിൽ പരാതിക്കാരിക്ക് ഐസിഡിഎസ് സൂപ്പർവൈസർ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. പരാതിക്കാരിയായ പഴശ്ശി സ്വദേശിനി പി.വി.ടെസിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കണമെന്നും കമ്മിഷൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.

2020 നവംബർ 2 ന് ചേർന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതിയാണ് പെൻഷൻ നിഷേധിച്ചത്. ഇതു മുതൽ ഇനി പെൻഷൻ അനുവദിക്കുന്ന തീയതി വരെയുള്ള കാലയളവിലെ പെൻഷൻ തുക എത്രയാണെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഐസിഡിഎസ് സൂപ്പർ വൈസറെ അറിയിക്കണം.

അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം സൂപ്പർവൈസർ തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. തുക നൽകിയ ശേഷം ഐസിഡിഎസ് സൂപ്പർവൈസർ കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!