കണ്ണൂരിനു അംഗീകാരമായി വിജു കൃഷ്ണന്റെ നേതൃസ്ഥാനം

Share our post

കണ്ണൂർ: കിസാൻസഭയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് വിജു കൃഷ്ണന്റെ കർഷക പോരാട്ടങ്ങൾക്കുള്ള അംഗീകാരമായി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ വിജു ദേശീയതലത്തിൽ കർഷകരുടെ നിരവധി പ്രശ്നങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ചു വരികയാണ്.

2018 മാർച്ചിൽ മഹാരാഷ്ട്രയിലെ നാസിക് മുതൽ മുംബയിലെ ആസാദ് മൈതാനം വരെ കർഷകർ നടത്തിയ ലോംഗ് മാർച്ചോടെയാണ് അഖിലേന്ത്യാ കിസാൻസഭയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ വിജു ശ്രദ്ധേയനായത്. ഈ മാർച്ചിന്റെ മുഖ്യശിൽപ്പികളിലൊരാളായ വിജുവിന്റെ നേതൃപാടവമാണ് കർഷകമാർച്ചിന് ആത്മവിശ്വാസം പകർന്നതെന്ന് സി.പി.എം നേതൃത്വം തന്നെ വിലയിരുത്തിയിരുന്നു.

രാജസ്ഥാനിലും മറ്റുമുണ്ടായ സി.പി.എം മുന്നേറ്റമാണ് ദേശീയതലത്തിൽ ശ്രദ്ധേയനായ വിജുവിനെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചത്. ബംഗളൂരു ഐ.സി.എ.ആറിൽ (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച്) പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്ന കരിവെള്ളൂർ ഓണക്കുന്നിലെ ഡോ. പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ് വിജു. നവ ഉദാരവത്കരണനയങ്ങൾ കേരളത്തിലെയും ആന്ധ്രയിലെയും കർഷകരെ എങ്ങിനെ ബാധിച്ചുവെന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഗവേഷണം.

ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്‌ട്രീയപ്രവർത്തകനായി. കർഷക ആത്മഹത്യകൾ കൂടിവന്നതോടെ അവർക്കിടയിലേക്ക് ഇറങ്ങി. കഴിഞ്ഞ ഏപ്രിലിൽ ഹൈദരബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി.
ജെ.എൻ.യു എസ്.എഫ്.ഐ പ്രസിഡന്റെന്ന നിലയിൽ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു.

2009 മുതൽ കർഷകസംഘം നേതൃസ്ഥാനത്തുള്ള വിജു രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടന്ന കർഷകസമരങ്ങളിലും മുഖ്യസംഘാടകനായിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിൽ നടന്ന ചരിത്ര സമരത്തിൽ ജിഗ്നേഷ് മേവാനിയ്‌ക്കൊപ്പം വിജുവുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!