Connect with us

Breaking News

സുധാകരനെതിരെ ഡല്‍ഹിയില്‍ പടയൊരുക്കം; സോണിയയെ മാതൃകയാക്കണമെന്ന് ആവശ്യം

Published

on

Share our post

ന്യൂഡല്‍ഹി: രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ത്തെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ .സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തകൃതിയായി തുടരുന്നു. എം.പി.മാരുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഡല്‍ഹി സന്ദര്‍ശിച്ച സതീശന്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.

ഖാര്‍ഗെ അധ്യക്ഷനായ ശേഷം നേരില്‍ കണ്ടില്ലെന്നും അതിനുവേണ്ടിയാണ് ഡല്‍ഹിയില്‍ എത്തിയത് എന്നുമായിരുന്നു സതീശന്‍ വിഭാഗം നല്‍കിയ വിശദീകരണം. എന്നാല്‍ സുധാകരനെ മാറ്റുന്നകാര്യവും കെ.പി.സി.സി പുനഃസംഘടനയും ചര്‍ച്ച ആയെന്ന് ഡല്‍ഹി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഹൈബി ഈഡന്‍ അടക്കമുള്ള യുവ എംപിമാരും സുധാകരനെതിരായ നീക്കങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്.

ഭാരത് ജോഡോ യാത്ര 100 ദിനം പൂര്‍ത്തിയാക്കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ജയ്പൂരില്‍ എത്തിയ സതീശന്‍ രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കണ്ടപ്പോഴും കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയായി. സുധാകരന്റെ സമീപകാല പ്രസ്താവനകളില്‍ അതൃപ്തി ഉണ്ടെങ്കിലും സംഘടന കാര്യങ്ങള്‍ ഗാര്‍ഖെയോട് സംസാരിക്കൂ എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

എന്തുകൊണ്ട് സുധാകരന്‍ മാറണം ?

നേതൃമാറ്റം ശക്തമായി ആവശ്യപ്പെടുന്നത് നിലവില്‍ കെ.സി- വി. ഡി പക്ഷവും ഏതാനും എം.പിമാരും മാത്രമാണ്. അവര്‍ക്കിതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട്. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ ഉണ്ടായ അസ്വസ്ഥതയ്ക്ക് അപ്പുറം സംഘടന വിഷയങ്ങളും അദ്ദേഹത്തിന്റെ അനാരോഗ്യവും നേതാക്കള്‍ ആയുധമാക്കുന്നു.

സംഘടന കോണ്‍ഗ്രസ് കാലത്ത് സുധാകരന്‍ നടത്തിയ ആര്‍.എസ്.എസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിലെ വൈരുദ്ധ്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ സംഘപരിവാറിനെ എതിര്‍ക്കുമ്പോള്‍ പഴയകാല ചെയ്തികള്‍ വീരസ്യം വിളമ്പുന്നത് ആരെ സഹായിക്കുമെന്ന ചോദ്യമാണ് സുധാകര വിരുദ്ധര്‍ ഉന്നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ പി.സി.സി പ്രസിഡന്റിന്റെ പരമാര്‍ശം ന്യൂനപക്ഷ മേഖലകളില്‍ ഇടതുപാര്‍ട്ടികളും ബിജെപിയും ആയുധം ആക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

നെഹ്‌റുവിനെതിരായ സുധാകരന്റെ പരാമര്‍ശവും ഇതിന്റെ തുടര്‍ച്ച ആണെന്ന് കെ.സി- വി.ഡി പക്ഷം ചൂണ്ടിക്കാട്ടുന്നു. സുധാകരന്റെ പ്രസ്താവനകള്‍ യുഡിഎഫ് ഘടകകക്ഷികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ലീഗ് നേരത്തേ അതൃപ്തി പരസ്യമാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനോട് പരാതി പറയാനില്ലെന്ന നിലപാടിലാണ്.

സെമി കേഡറോ അതെന്താ?

അധ്യക്ഷനായശേഷം സംഘടന അടിമുടി ഉടച്ചുവാര്‍ക്കുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രധാനം സെമികേഡര്‍ ആയിരുന്നു. ബിജെപിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രവര്‍ത്തനശൈലി കടമെടുത്ത് സെമി കേഡര്‍. ഇതിനായി ചില നടപടികള്‍ അദ്ദേഹം തുടങ്ങിവെച്ചു. കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കി. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. ഊര്‍ജ്ജസ്വലമായ സംഘടന തുടക്കത്തില്‍ ചലിച്ചു.

എന്നാല്‍ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പുനഃസംഘടന തുടങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിസിസി പ്രസിഡന്റ് പോലും സാങ്കേതികമായി കാവല്‍ അധ്യക്ഷനായി മാറി. പുനഃസംഘടനയ്ക്ക് ഒപ്പം സെമി കേഡറും പാതിവഴിയിലായി. കെ സുധാകരനെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന കെ.പി.സി.സിയുടെ ഒറ്റവരി പ്രമേയത്തില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

ഇതിനിടെ അധ്യക്ഷ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ എ.ഐ.സി.സി അനുമതി നല്‍കി. എന്നാല്‍ പുനസംഘടന പുതിയ അധ്യക്ഷന്‍ വന്നശേഷം മതിയെന്നാണ് സുധാകരനെ എതിര്‍ക്കുന്നവരുടെ പക്ഷം.

മൂപ്പിളമ തര്‍ക്കം

കെ.പി.സി.സി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ? ആരാണ് വലിയവന്‍? കോണ്‍ഗ്രസില്‍ ഇത്തരമൊരു ശീതസമരം നടക്കുന്നുണ്ട്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ കഴിയുന്ന അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും പ്രതിപക്ഷം മുതലാക്കിയോ എന്നു ചോദിച്ചാല്‍ നേതാക്കളില്‍ പലരും സംശയം പ്രകടിപ്പിക്കും. പാര്‍ട്ടിയും പ്രതിപക്ഷ നേതാവും രണ്ടു വഴിക്കാണെന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്ക് പുതു ഊര്‍ജ്ജം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടായിരുന്നു ഗ്രൂപ്പുകളെ തഴഞ്ഞ് വി.ഡി സതീശനേയും കെ സുധാകരനേയും ഹൈക്കമാന്‍ഡ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്.

ആദ്യ കാലത്ത് ഇരുവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എന്നാല്‍ പുനസംഘടനയോടെ ഇരുവരും ഇരുവഴിക്കായി. സതീശന്‍ കെ സി വേണുഗോപാലിനായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സുധാകര അനുകൂലികളുടെ ആക്ഷേപം. സുധാകരനല്ലാ, സതീശനാണ് യഥാര്‍ഥ വെല്ലുവിളി എന്ന നിലയിലായിരുന്നു ഗ്രൂപ്പ് മാനേജര്‍മാര്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ മുരളീധരനും കെ എസിനൊപ്പം കൂടി. കെ കരുണാകന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ശക്തരായിരുന്ന കാലത്ത് പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്തപ്പോള്‍ പ്രതിപക്ഷ നേതാവിനായിരുന്നു മേല്‍കൈ എന്ന സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

അക്കാലത്ത് സര്‍ക്കാര്‍ വിരുദ്ധ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് എടുക്കുന്ന നിലപാടിന് പാര്‍ട്ടിയുടെ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ പിന്തുണ പ്രതിപക്ഷ നേതാവ വേണ്ട വിധം ലഭിക്കുന്നില്ലെന്ന് സതീശന്‍ പക്ഷം പറയുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ട കമ്മിറ്റികള്‍ രൂപീകരിച്ചത് സതീശനായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് കാര്യമായ കൂടിയാലോചന നടന്നിരുന്നില്ല.

കെ സുധാകരന് അനാരോഗ്യം

എഴുപത്തിയഞ്ചുകാരനായ കെ.സുധാകരന്‍ പ്രസ്താവനകളിലൂടെയാണ് ഇപ്പോള്‍ കൂടുതലായി രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. അദ്ദേഹം ഇന്ദിരാ ഭവനില്‍ എത്തുന്നതും കുറഞ്ഞു. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നുവെന്നാണ് എതിരാളികളുടെ പ്രചാരണം. പല സുപ്രധാന യോഗങ്ങളും മാറ്റിവെച്ചതിനു കാരണം സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് ഇവര്‍ പറയുന്നു.

ദൈനംദിന രാഷ്ട്രീയത്തില്‍ സജീവമായ ഇടപെടുന്ന നേതൃത്വത്തിന്റെ അഭാവം കെപിസിസിയില്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യം മൂലം സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധമായത് മാതൃക ആക്കണമെന്നാണ് സുധാകര വിരുദ്ധരുടെ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ നിഷ്‌ക്രിയ നേതൃത്വം ഗുണകരമാകില്ലെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

എഐസിസി നിലപാട്

കെ.സുധാകരന്റെ ആര്‍.എസ്എ.സ് അനുകൂല പരാമര്‍ശത്തിലും നെഹ്‌റുവിനെതിരായ പ്രസ്താവനയിലും എഐസിസിക്ക് കടുത്ത അതൃപ്തിയാണുളളത്. ഇക്കാര്യം സുധാകരനെ അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് നേതാക്കള്‍ അടിവരയിടുമ്പോഴും അസ്വസ്ഥത പ്രകടമാണ്. എന്നാല്‍ നേതൃമാറ്റമെന്ന ആവശ്യത്തില്‍ ഗൗരവ്വമായ ചര്‍ച്ചകളിലേക്ക് എ.ഐ.സി.സി കടന്നിട്ടില്ല.

സുധാകരനെ മാറ്റുന്നത് ഏതാനും നേതാക്കളുടെ ആവശ്യമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാരും പരസ്യമായോ രഹസ്യമായോ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. സംസ്ഥാനത്ത് നിന്നുളള പൊതുവികാരമായി നേതൃമാറ്റം ഉയര്‍ന്നുവന്നാല്‍ പരിഗണിച്ചാല്‍ മതിയെന്നാണ് എഐസിസി ധാരണ. അല്ലെങ്കില്‍ സുധാകരന്‍ സ്വയം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിക്കട്ടെയെന്നും നേതൃത്വം പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ എംപിമാരുടെ ആശങ്ക മുഖവിലയ്ക്ക് എടുക്കുമ്പോഴും നേതൃമാറ്റത്തില്‍ തത്കാലം തിരക്കു കൂട്ടേണ്ടെന്ന് നിലപാടിലാണ് എഐസിസി. സുധാകരന് പകരക്കാരനായ തലയെടുപ്പുളള നേതാവിനെ കണ്ടെത്താന്‍ കഴിയാത്തതും പ്രതിസന്ധിയാകുന്നുണ്ട്.

പിന്‍ക്കുറിപ്പ്

മഹിളാ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. തന്നോട് ആലോചിച്ചില്ലെന്ന് പിസിസി പ്രസിഡന്റ് കത്ത് നല്‍കിയതോടെയാണ് ഹൈക്കമാന്‍ഡ് നടപടി.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!