ജനറൽ ആസ്പത്രിയിൽ അർധരാത്രി യുവാക്കളുടെ കൂട്ടത്തല്ല്;

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആസ്പത്രി വളപ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം. ഇന്നലെ അർദ്ധരാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ തമ്മിലടിക്കുന്നതും ഹെൽമറ്റ് ഉപയോഗിച്ച് തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇന്നലെ രാത്രി തമ്പാനൂരിലെ ബാറിൽ വച്ച് ഇരു സംഘങ്ങളും തമ്മിൽ അടിപിടിയുണ്ടായി. തുടർന്ന് പരിക്കേറ്റ ഇവർ ആസ്പത്രിയിൽ എത്തി, അവിടെ വച്ചും സംഘർഷമുണ്ടായി. പിന്നീട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിയ യുവാക്കൾ അവിടെവച്ചും ഏറ്രുമുട്ടിയെന്നാണ് വിവരം.
എന്നാൽ ആക്രമികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആർക്കും പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ബാറിലെ സിസിടിവി ദൃശ്യങ്ങൾ തമ്പാനൂര്‍ പൊലീസും മെഡിക്കൽ കോളേജിലെ ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസും പരിശോധിച്ച് വരികയാണ്.