ഐ.എഫ്എഫ്. കെ : സുവര്‍ണ്ണ ചകോരം ബൊളിവിയന്‍ ചിത്രം ഉതമക്ക്; മഹേഷ് നാരായണനും പുരസ്‌കാരം

Share our post

തിരുവനന്തപുരം: അലെജാൻഡ്രോ ലോയ്‌സാ ഗ്രിസി സംവിധാനം ചെയ്ത സ്പാനിഷ്‌ ചലച്ചിത്രം “ഉതമ’യ്ക്ക്‌ 27––ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം. ബൊളീവിയയിൽ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വന്ന വൃദ്ധദമ്പതികളുടെയും അവരെ സന്ദർശിക്കുന്ന ചെറുമകന്റെയും ജീവിതമാണ് പ്രമേയം. 20 ലക്ഷം രൂപയാണ്‌ പുരസ്കാരത്തുക.

മികച്ച സംവിധായകനുള്ള രജത ചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്‌ളൂവിനാണ്. കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ കെർ എന്ന ചിത്രമാണ്‌ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്ത “നൻപകൽ നേരത്ത് മയക്ക’മാണ് മത്സരവിഭാഗത്തിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത “അറിയിപ്പ്’ സ്വന്തമാക്കി.

ലെെഫ്ടെെം അച്ചീവ്മെന്റ് പുരസ്കാരം —ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് സമ്മാനിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി എൻ വാസവനൊപ്പം മന്ത്രി വി ശിവൻകുട്ടിയും ചേർന്നാണ്‌ മറ്റ്‌ പുരസ്കാരങ്ങൾ സമ്മാനിച്ചത്‌.

കോവിഡ്‌ തീർത്ത ആശങ്കയും അകൽച്ചയും ഇല്ലാതാക്കിയ എട്ട്‌ മനോഹര ദിനം സമ്മാനിച്ചാണ്‌ കേരള രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച കൊടിയിറങ്ങിയത്‌. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തു.

മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ മേള. ഇടയ്ക്കുണ്ടായ വിമർശം അടുത്ത തവണ ഒഴിവാക്കി കൂടുതൽ മികവോടെ സംഘടിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്‌ ആമുഖപ്രഭാഷണംനടത്തി. എഴുത്തുകാരൻ എം മുകുന്ദൻ മുഖ്യാതിഥിയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!