സി.കെ ശ്രീധരന്‍ കൂടെനിന്ന് ചതിച്ചു; എന്തൊരു മനുഷ്യനാണയാള്‍- കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അഡ്വ. സി.കെ.ശ്രീധരന്‍ ഏറ്റെടുത്ത സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. ശ്രീധരന്‍ കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്നും അതില്‍ അതിയായ വേദനയുണ്ടെന്നും സത്യനാരായണന്‍ പറഞ്ഞു.
കേസ് ഏറ്റെടുക്കാനെന്നും പറഞ്ഞ് കേസിന്റെ ഫയലുകളൊക്കെ ഒരുമാസത്തോളം വാങ്ങിവെച്ച് പഠിച്ചതാണ്. പിന്നീട് കേസിന് സ്‌കോപ്പില്ല എന്ന് പറഞ്ഞ് അവ മടക്കി നല്‍കുകയും ചെയ്തു. പിന്നീട് അഭിഭാഷകനായ ടി ആസിഫലിയെ ഫയലുകള്‍ ഏല്‍പ്പിച്ചു.
ഞങ്ങളുടെ കൂടെ കൂടി, കുട്ടികളുടെ ചടങ്ങിലെല്ലാം പങ്കെടുത്ത്, ഞങ്ങളെ ആശ്വസിപ്പിച്ച് വ്യക്തി ഇപ്പോള്‍ കാണിക്കുന്നത് വലിയ ക്രൂരതയാണ്. സത്യനാരായണന്‍ പറഞ്ഞു.
‘അദ്ദേഹത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് പോലും ഇപ്പോള്‍ സംശയമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് കേസിന്റെ ഫയലുകളൊക്കെ പഠിച്ച് വിചാരണ തുടങ്ങാന്‍ സമയം പാര്‍ട്ടി മാറി പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കണമെങ്കില്‍ എന്തൊരു മനുഷ്യനാണ് ഇയാള്‍! കാശിന് വേണ്ടി എന്തും ചെയ്യുന്ന വക്കീലാണിത്. ‘ അദ്ദേഹം ആരോപിച്ചു.