തളിപ്പറമ്പിൽ മൊത്ത വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; 70 ലക്ഷം രൂപയുടെ നഷ്ടം

തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് 70 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുഷ്പഗിരി സ്വദേശി പി.പി.മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള അക്ബർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണു ബുധനാഴ്ച അർധരാത്രി തീ പിടിച്ചത്. 2 നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനം പൂർണമായും കത്തിനശിച്ചു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ 5 യൂണിറ്റ് അഗ്നിരക്ഷാ സേന 4 മണിക്കൂറോളം യത്നിച്ചാണ് തീ കെടുത്തിയത്.
ഈ സ്ഥാപനത്തിന് അടുത്ത മുറിയിൽ പടക്കക്കട പ്രവർത്തിക്കുന്നത് ആശങ്ക പരത്തി. ഓടിക്കൂടിയ നാട്ടുകാരുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ അതിവേഗം പടക്കങ്ങൾ ഇവിടെ നിന്ന് നീക്കം ചെയ്താണ് ദുരന്തം ഒഴിവാക്കിയത്. അർധരാത്രിയോടെ ഇതുവഴി പോയവരാണ് കടയിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ആളുകളെ വിളിച്ച് കൂട്ടുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. കടയുടെ ഒന്നാം നിലയിൽ വെളിച്ചെണ്ണയും മറ്റും ഉണ്ടായിരുന്നു.
ഇവയ്ക്കു തീ പിടിച്ചതോടെ അഗ്നിബാധ നിയന്ത്രണാതീതമായി. ലോകകപ്പ് ഫുട്ബോൾ മത്സരം കാണുവാൻ സമീപ സ്ഥലങ്ങളിൽ കൂടി നിന്നവരാണ് ഓടിയെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
അക്ബർ ട്രേഡേഴ്സിൽ ഉണ്ടായിരുന്ന ചാക്ക് കണക്കിന് അരി, ആട്ടപൊടി, മറ്റു പലവ്യഞ്ജന സാധനങ്ങളെല്ലാം കത്തി കരിഞ്ഞ നിലയിലാണ്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. അഗ്നിരക്ഷാ സേന റീജനൽ ഓഫിസർ പി.രഞ്ജിത്ത്, തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്.
എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസിനൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്. റിയാസ്, സെക്രട്ടറി വി.താജുദ്ദീൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, കൗൺസിലർ സി. സിറാജ് എന്നിവരും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടുത്ത കാലത്ത് ഇതിന് സമീപത്തുള്ള മറ്റൊരു സ്ഥാപനവും ഇത്തരത്തിൽ കത്തി നശിച്ചിരുന്നു.