മുഖ്യമന്ത്രിയടക്കമുള്ളവരെ ക്ഷണിച്ചതാണ്, പങ്കെടുക്കാതിരുന്നത് അവരുടെ വിഷയം; വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ബിൽ പരിശോധിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമം തനിക്കെതിരെയാണോ എന്നതല്ല, നിയമത്തിനെതിരെയാണോ എന്നതാണ് വിഷയമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം, രാജ്ഭവനിൽ നടന്ന ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ ക്ഷണിച്ചതാണെന്നും പങ്കെടുക്കാതിരുന്നത് അവരുടെ വിഷയമാണെന്നും ഗവർണർ പറഞ്ഞു.
തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷേ നിയമം അനുസരിച്ചായിരിക്കും എല്ലാം ചെയ്യുകയെന്നും വ്യക്തിപരമായ താത്പര്യങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ, ഇന്നലെ സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് നിലവിളക്ക് കൊളുത്തിയിരുന്നു.
ഉദ്ഘാടകനായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആദ്യം വിളക്കു കൊളുത്തി. അദ്ദേഹത്തിന് അടുത്ത് നിൽക്കുകയായിരുന്നു ഗവർണറും മുഖ്യമന്ത്രിയും.
ഇനി ആര് തിരിതെളിയിക്കണമെന്ന ആശയക്കുഴപ്പമായതോടെ, ഗഡ്കരി രണ്ടുപേരുടെയും കൈകൾ ചേർത്തുപിടിച്ച ശേഷം വിളക്ക് കൊളുത്താൻ നിർദേശിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് തിരി തെളിയിക്കുകയായിരുന്നു.