കുന്നോത്ത് കേളൻ പീടികയിലെ ക്രഷറിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു

ഇരിട്ടി: മൂന്നു വർഷത്തോളമായി കുന്നോത്ത് കേളൻ പീടികയിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്രഷറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ നിയോഗിച്ച വിവിധ വകുപ്പുകളിലെ വിദഗ്ദ്ധ സമിതിയുടെ പരിശോധനയെ തുടർന്ന് നിർത്തിവയ്പ്പിച്ചു. സ്ഥലവാസികളും ജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലും വിവിധ വകുപ്പുകളിലും കളക്ടർക്കും പരാതി പരിഹാര സെല്ലിലും നൽകിയ നിരവധി പരാതികൾ പരിഗണിച്ചാണ് വിദഗ്ദ്ധ സംഘം വ്യാഴാഴ്ച മേഖലയിൽ പരിശോധന നടത്തിയത്.
ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എസ്. ഷിറാസ്, ഡെപ്യൂട്ടി കളക്ടർ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ നടത്തിയ പരിശോധനയിൽ ക്വാറിയ്ക്ക് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നൽകിയാണ് ക്രഷറിന് അനുമതി നൽകിയത്.
പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സുരക്ഷാ മുൻകരുതലുകൾ പലതും സ്വീകരിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം വയ്ക്കുന്ന രീതിയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന നാട്ടുകാരുടെ പരാതി സാധൂകരിക്കുന്നതായിരുന്നതാണെന്ന് സാഹചര്യങ്ങൾ പരിശോധിച്ച സമിതി കണ്ടെത്തി.
ഇരിട്ടി താഹസിൽദാർ സി.വി പ്രകാശൻ, അഗ്നിശമന സേന ഇരിട്ടി നിലയം ഓഫീസർ കെ. രാജീവൻ, ഇരിട്ടി ഫാക്ടീസ് ആൻഡ് ബോയിലിംഗ് ഇൻസ്‌പെക്ടർ വിനോദ് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡി.ജെ. അരുൺ, പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനീയർ പി. അഭിലാഷ്, എക്സിക്യൂട്ടീവ് എൻജിനീയർ ഷൽ്മജ, വിളമന വില്ലേജ് ഓഫീസർ ശുഭ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.