തളിപ്പറമ്പിലെ അഗ്നിബാധ; വൻ ദുരന്തമൊഴിവാക്കിയത് കൂട്ടായശ്രമം

തളിപ്പറമ്പ്: നഗരത്തെ നടുക്കി വീണ്ടുമുണ്ടായ അഗ്നിബാധയിൽ വൻ ദുരന്തം ഒഴിവായത് അഗ്നിരക്ഷാ സേനയുടെയും വ്യാപാരികളുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിൽ. 2 വർഷം മുൻപും ഇതിന് സമീപത്ത് തന്നെ മറ്റൊരു വ്യാപാര സ്ഥാപനം ഇതേ രീതിയിൽ രാത്രി കത്തി നശിച്ചിരുന്നു.
ഇവിടെയുള്ളവയിൽ ഭൂരിഭാഗവും പഴയ കെട്ടിടങ്ങളായതിനാൽ അഗ്നിബാധ അതിവേഗം വ്യാപിക്കുന്ന അവസ്ഥയാണ്. ഇന്നലെ കത്തി നശിച്ച അക്ബർ ട്രേഡേഴ്സിന്റെ അടുത്ത മുറിയിൽ പടക്ക വ്യാപാര സ്ഥാപനമാണ് ഉണ്ടായിരുന്നത്.
മറ്റ് വ്യാപാരികളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് അതിവേഗം പടക്കങ്ങൾ മാറ്റിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. അഗ്നിരക്ഷാ സേന അതിവേഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ആശ്വാസമായി. അർധരാത്രിയോടെ എത്തിയ അഗ്നിരക്ഷാ സേന പുലർച്ചെ നാലോടെയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.
അഗ്നിബാധ ഏതാണ്ട് തുടക്കത്തിൽ തന്നെ വഴിയാത്രക്കാർ കണ്ടതും ദുരന്തം മറ്റ് സ്ഥാപനങ്ങളിലേക്ക് വ്യാപിക്കാതെ തടയാൻ സാധിച്ചു. ഇവിടെയുള്ളത് പഴയകാലത്തെ കെട്ടിടങ്ങളായതിനാൽ വൈദ്യുതി വയറിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുതൽ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് അഗ്നിരക്ഷാ സേന അധികൃതരുടെയും നിർദേശം.