മുട്ടം ഏരിപ്രത്തും പുലിയുടെ കാൽപാടുകളെന്ന്; ഭീതിവേണ്ടെന്ന് വനം വകുപ്പ്

പഴയങ്ങാടി: കഴിഞ്ഞ ദിവസം ചൂട്ടാട് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെന്ന അഭ്യൂഹത്തിന്റെ തുടർച്ചയായി മുട്ടം ഏരിപ്രത്തും സമാന രീതിയിലുള്ള കാൽപാടുകൾ കണ്ടെന്ന് നാട്ടുകാർ.
കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതർ ചൂട്ടാട് സ്ഥലം സന്ദർശിച്ച് സംശയമുയർത്തിയ കാൽപാടുകൾ പരിശോധിക്കുകയും പുലിയുടേതാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകളില്ലെന്നും സ്ഥിരീകരിച്ചിരുന്നു.
മുട്ടം ഏരിപ്രത്തും സമാന സംശയം ഉയർന്നതോടെ തളിപ്പറമ്പ് റേഞ്ച് വനംവകുപ്പ് അധികൃതർ വ്യാഴാഴ്ച ഏരിപ്രം പ്രദേശത്തും പരിശോധന നടത്തി. റേഞ്ച് ഓഫിസർ പി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏരിപ്രത്ത് എത്തി അന്വേഷണം നടത്തിയത്. നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
എന്നാൽ, പുലിയുടേതാണെന്ന് ഉറപ്പിക്കുന്ന കാൽപാടിന്റെ തുമ്പുകളൊന്നും വനം വകുപ്പ് അധികൃതർക്ക് ലഭിച്ചില്ല. ഭീതി വേണ്ടതില്ലെന്നാണ് വനം വകുപ്പ് അധികൃതരുടെ അഭിപ്രായം.