17.39 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം; ഇപ്പോൾ കാട്ടാനത്താവളം

ഇരിട്ടി: കടുവ ഭീഷണിക്കൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം കൂടിയായതോടെ ഭീതിയൊഴിയാതെ ആറളം ഫാം നിവാസികൾ. ഫാമിൽ പട്ടികവർഗ വകുപ്പു പണിത മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ ഇന്നലെ കാട്ടാനക്കൂട്ടം തകർത്തു. ഒരു കിലോമീറ്റർ മാറി ഫാം നഴ്സറിയിലെ ഒന്നര ഏക്കർ സ്ഥലത്തെ കുരുമുളക് തോട്ടവും നശിപ്പിച്ചു. കുരുമുളക് ചെടികൾ വളർന്ന ചെറിയ മരങ്ങൾ ചവിട്ടി ഒടിച്ചു. 3 ആനകളാണ് നാശം വരുത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അഞ്ചാം ബ്ലോക്കിൽ 3 ദിവസം മുൻപ് സാന്നിധ്യം സ്ഥിരീകരിച്ച കടുവയ്ക്കായി ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറളം വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചനകൾ ലഭിക്കാത്തതിനാൽ ഇപ്പോഴും ഫാമിൽ തുടരുന്നതായാണ് നിഗമനം. ഫാമിൽ എഴുപതോളം കാട്ടാനകൾ തമ്പടിച്ചതായി നേരത്തെ മുതൽ പരാതിയുണ്ട്.
കടുവയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനാൽ കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇപ്പോൾ നടക്കുന്നില്ല. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഫാമിൽ കാട്ടാനകൾ വരുത്തിക്കൊണ്ടിരിക്കുന്നത്. ദിവസവും തെങ്ങുകൾ നശിപ്പിക്കുന്നുണ്ട്.
17.39 കോടി രൂപ മുടക്കി; ഇപ്പോൾ കാട്ടാനത്താവളം
ആറളം ഫാമിന്റെ ഏഴാം ബ്ലോക്കിൽ ഒരു വർഷം മുൻപ് 17.39 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കി പട്ടികവർഗ വകുപ്പിനു കൈമാറിയ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം ഇനിയും തുറന്നു പ്രവർത്തിപ്പിച്ചിട്ടില്ല. 350 വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്ക്, പഠന മുറികൾ, ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടറുകൾ, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രവർത്തനസജ്ജമല്ലാത്തതിനാൽ പരിസരം കാടുകയറി കാട്ടാനകളെ ആകർഷിക്കുന്ന നിലയിലാണ്. ഇതിനു സമീപമാണ് 460 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകിയത്. കാട്ടാന ഭീഷണിമൂലം നൂറിൽത്താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബാക്കി സ്ഥലം കാടുപിടിച്ചു കാട്ടാനത്താവളമായി മാറി.