പഞ്ചായത്ത് അധീനതയിൽ സൂക്ഷിച്ച മണൽ ശേഖരം കവരാനെത്തി; പോലീസ് പിടികൂടി

Share our post

ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാനാന്തര പാതയോരത്ത് സൂക്ഷിച്ചിരുന്ന മണൽ കവരാൻ എത്തിയ ലോറി പോലീസ് പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മണൽ മോഷ്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ രാത്രി സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തുന്നതിനിടെയാണ് പുലർച്ചെ 3.30 ന് മണൽ കവരാൻ ലോറി എത്തിയത്.

2 പേർ ലോറിയിൽ നിന്ന് ഇറങ്ങി മണൽ കോരാൻ ശ്രമിച്ചതോടെ പോലീസ് സംഘം ചാടിവീണു എങ്കിലും ഇവർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇരിക്കൂർ സ്വദേശിയുടേതാണു ലോറി എന്നു കണ്ടെത്തി. ഓടിരക്ഷപ്പെട്ടവരെ കുറിച്ചു സൂചന ലഭിച്ചു. ഇവരുടെ വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പുഴകളിൽ അടിഞ്ഞ പ്രളയാവശിഷ്ടം നീക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റ‍ഡ് ബാവലിപ്പുഴയിൽ നിന്നു വാരി സൂക്ഷിച്ചതാണ് മണൽ ശേഖരം. ടെൻഡർ ഇല്ലാതെ പ്രളയാവശിഷ്ടം നീക്കൽ എന്ന പേരിൽ മണൽ വാരുന്നതിന് എതിരെ ജനരോഷം ശക്തമാകുകയും ബി.ജെ.പി സമരവും ആയി രംഗത്ത് ഇറങ്ങുകകയും ചെയ്തതോടെ പരാതിയിൽ തീർപ്പ് ആകും വരെ വാരിക്കൂട്ടിയ മണൽ അതതു സ്ഥലങ്ങളിൽ പഞ്ചായത്ത് അധീനതയിൽ സൂക്ഷിക്കാൻ തീരുമാനം ആകുകയായിരുന്നു.

കേരള ക്ലേയ്സ് അധികൃതരുടെ പരിശോധനയിൽ 10 ലോഡോളം മണൽ മോഷണം പോയതായി സംശയം തോന്നിയതിനെ തുടർന്നാണു പഞ്ചായത്ത് മുഖേന പൊലീസിൽ പരാതി നൽകിയത്. പരാതി എത്തിയ കാര്യം പരസ്യമാക്കാതെ സ്ഥലത്ത് രാത്രി പോലീസ് മഫ്തിയിൽ നിരീക്ഷണം ഏർപ്പെടുത്തിയതാണ് മണൽ കടത്ത് പിടികൂടാൻ സഹായകമായത്.

100 കണക്കിന് ലോഡ് മണൽ ശേഖരം:മറുവശത്ത് ലോറി നിർത്തിയാൽ കാണില്ല

കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റഡ് വള്ളിത്തോട് മേഖലയിൽ വാരിക്കൂട്ടി സൂക്ഷിച്ചിട്ടുള്ളത് 100 കണക്കിന് ലോഡ് മണൽ ശേഖരം. വള്ളിത്തോട്ടിൽ ലോറി പിടികൂടിയ സ്ഥലത്ത് മണൽ കൂനയ്ക്കു മറുവശത്ത് ലോറി നിർത്തിയിട്ടാൽ റോഡിൽ കൂടി പോകുന്നവർക്ക് കാണാൻ സാധിക്കില്ലെന്നു പോലീസ് പറഞ്ഞു. ഒന്നര ആൾ പൊക്കത്തിലാണു മണൽ കൂന ഉള്ളത്. ലോറി നിർത്തി മണൽ കൂനയ്ക്കു മുകളിൽ നിന്ന് മൺവെട്ടി കൊണ്ട് കോരി ഇട്ടാൽ വളരെ വേഗം ലോഡ് ആക്കാൻ സാധിക്കും എന്നും പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!