ആശങ്കയകറ്റും പരാതി പരിശോധിക്കും

ഇരിട്ടി: റീസർവേയിൽ ഭൂമി നഷ്ടപ്പെടുന്നുവെന്ന കൈവശക്കാരുടെ ആശങ്കയും പരാതിയും പരിശോധിക്കാൻ സംസ്ഥാന സർവേ ഡയറക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം എടൂരിലെത്തി. റീസർവേ വേഗം പൂർത്തിയാക്കുമെന്നും സർവേയ്‌ക്ക് ശേഷമുള്ള പരാതികളിൽ തീർപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഡയറക്ടർ ഉറപ്പുനൽകി.
വില്ലേജ് അതിർത്തി നിർണയിക്കാനുള്ള റീ സർവേയിൽ ആറളം, അയ്യങ്കുന്ന് പഞ്ചായത്ത് അതിരിലെ വെമ്പുഴത്തീരത്തെ ആരാധനാലയങ്ങളുടെയും കർഷകരുടെയും സ്വകാര്യഭൂമിയും വീടുകളും സർക്കാർ ഭൂമിയായി മാറുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതിനെതിരെ കൈവശക്കാർ കർമസമിതി രൂപീകരിച്ച് സർക്കാരിൽ പരാതി നൽകി.
തുടർന്ന് ചേർന്ന മന്ത്രിതല യോഗ തീരുമാന പ്രകാരമാണ് സർവേ ഡയറക്ടർ സ്ഥലം സന്ദർശിച്ചത്. കലക്ടർ എസ് ചന്ദ്രശേഖർ, തഹസിൽദാർ സി വി പ്രകാശൻ, ഭൂരേഖാ തഹസിൽദാർ, കെ വി ലക്ഷ്‌മണൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും ഡയറക്ടർക്കൊപ്പമുണ്ടായി.