ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്നതിനെതിരെ മഹിളാ കൂട്ടായ്‌മ
കണ്ണൂർ:ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്ന കേന്ദ്രനയത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മഹിളാ കൂട്ടായ്‌മ സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനമായ ശനിയാഴ്‌ച കണ്ണൂർ എ .കെ .ജി. ഹാളിൽ നടന്ന കൂട്ടായ്‌മ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. കെ ശ്രീമതി ഉദ്ഘാടനംചെയ്‌തു.
രാജ്യത്ത് മനുഷ്യാവകാശ ലംഘനം വർധിക്കുന്നതായി പി .കെ. ശ്രീമതി പറഞ്ഞു. സാധാരണക്കാരന് ജീവിക്കാനാകാത്ത അവസ്ഥയാണ്. വിശപ്പകറ്റാനുള്ള ഭക്ഷ്യധാന്യം പോലും പിടിച്ചുവച്ച് പാവപ്പെട്ടവരെ പട്ടിണിക്കിടുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്‌മ, സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തുടങ്ങി ഒരു ജനതയുടെ മനുഷ്യാവകാശത്തെ ഇല്ലാതാക്കുകയാണ് കേന്ദ്രഭരണം.
പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുകയാണ് മോദി സർക്കാരെന്നും പി. കെ ശ്രീമതി പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ .പി .വി പ്രീത അധ്യക്ഷയായി. ജില്ലാ ട്രഷറർ പി. റോസ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ശോഭ, ദിഷ്‌ണ പ്രസാദ്, ടി .കെ സുലേഖ എന്നിവർ പങ്കെടുത്തു. ജില്ലാസെക്രട്ടറി പി .കെ ശ്യാമള സ്വാഗതം പറഞ്ഞു.