ഏകീകൃത സിവിൽ കോഡ്: കോൺഗ്രസ് നിലപാട് വ്യക്തമാക്കണം– ഐ.എൻ.എൽ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. പാർട്ടിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കൻ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. രാജ്യസഭയിൽ ഏകീകൃത സിവിൽകോഡ് സംബന്ധിച്ച സ്വകാര്യ ബിൽ വന്നപ്പോൾ അതിനെ എതിർക്കാൻ കൂട്ടാക്കാതെ ഒളിച്ചോടിയ കോൺഗ്രസിന്റെ സമീപനം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബിന് കോൺഗ്രസ് നിലപാടിനെ പരസ്യമായി വിമർശിക്കേണ്ടിവന്നത് ഗൗരവമുള്ള കാര്യമാണ്. എന്നിട്ടും ഈ വിഷയത്തിൽ തങ്ങൾ എന്ത് സമീപനമാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളാരും ഇതുവരെ മുന്നോട്ടുവരാതിരുന്നത് ദുരൂഹമാണ്.
ഈ മൗനം വാചാലവും കാപട്യവുമാണ്. രാമക്ഷേത്ര നിർമാണം, കശ്മീരിന് സവിശേഷ പദവി നൽകുന്ന 370 ാം ഖണ്ഠിക റദ്ദാക്കൽ, പൊതുസവിൽകോഡ് നടപ്പാക്കൽ എന്നീ വിഷയങ്ങൾ ആർ.എസ്എസ് ദശാബ്ദങ്ങളായി നെഞ്ചിലേറ്റി നടക്കുന്ന മുഖ്യ രാഷ്ട്രീയ അജണ്ടകളാണ്.
രാമക്ഷേത്രവിഷയത്തിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലും ബി.ജെ.പിക്കൊപ്പം നില കൊണ്ട കോൺഗ്രസ് ഏകസിവിൽ കോഡിന്റെ കാര്യത്തിൽ മതേതര പക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല. അതുകൊണ്ട് ഈ വിഷയത്തിൽ കോൺഗ്രസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തെളിച്ചുപറയാൻ പാർട്ടി നേതൃത്വം ആർജവം കാട്ടണം. അല്ലാത്തപക്ഷം മറ്റു പല വിഷയങ്ങളിലുമെന്ന പോലെ കോൺഗ്രസ് സംഘ്പരിവാറിനൊപ്പമാണെന്ന നിഗമനത്തിലെത്തേണ്ടിവരുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.