പാലക്കാട് – കോഴിക്കോട് ദേശീയപാത; ടോൾ ബൂത്ത് നിർമാണം തൽക്കാലം നിർത്തിവയ്‌ക്കും

മുണ്ടൂർ : സംസ്ഥാന പാതയിലേക്ക് കടക്കുന്ന വാഹനങ്ങൾക്കുൾപ്പെടെ ടോൾ പിരിക്കാൻ ലക്ഷ്യമിട്ട് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിന് സമീപം പൊരിയാനിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമാണം തൽക്കാലം നിർത്തിവയ്‌ക്കും.
സി.പി.ഐ .എം, ഡി.വൈ.എഫ്.ഐ പ്രതിഷേധവും എ പ്രഭാകരൻ എം.എൽ.എയുടെ ഇടപെടലിനെയും തുടർന്നാണ് തീരുമാനം. എന്നാൽ പൊരിയാനിയിൽനിന്ന് ടോൾ ബൂത്ത് മാറ്റുമെന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി ഉറപ്പ് നൽകിയിട്ടില്ല. ദേശീയപാത അതോറിറ്റി എട്ടുകോടി ഉപയോഗിച്ചാണ് ടോൾ ബൂത്ത് നിർമിക്കുന്നത്.
താണാവ് മുതൽ പെരിന്തൽമണ്ണ വരെ പുനർനിർമിക്കുന്ന ദേശീയപാതയിൽ മുണ്ടൂരിനും താണാവിനുമിടയിലാണ് ടോൾ ബൂത്ത് വരുന്നത്. ഇവിടെ ടോൾ ബൂത്ത് നിർമിച്ചാൽ കോങ്ങാട്, ശ്രീകൃഷ്ണപുരം, പറളി, ഭാഗങ്ങളിൽനിന്ന് വരുന്നവർ അന്യായമായി ടോൾ നൽകേണ്ടി വരുന്നതിനാൽ സി.പി.ഐ .എം മുണ്ടൂർ ഏരിയ കമ്മിറ്റി സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളിയാഴ്‌ച നിർമാണ സ്ഥലത്തേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി പണി നിർത്തിവയ്‌പ്പിച്ചു. ശനിയാഴ്‌ച എ. പ്രഭാകരൻ എം.എൽ.എ, സി.പി.ഐ .എം ഏരിയ സെക്രട്ടറി സി. ആർ സജീവ്, ലോക്കൽ സെക്രട്ടി ഒ .സി ശിവൻ, കെ. സുകുമാരൻ, ഡി.വൈ.എഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എച്ച് .സുൾഫിക്കർ എന്നിവർ നിർമാണ സ്ഥലത്തെത്തി, ദേശീയപാത നിർമാണ അതോറിറ്റി അസി.
എക്സിക്യുട്ടീവ് എൻജീനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇപ്പോൾ നിർത്തിവച്ച ദേശീയപാത നിർമാണം തുടരും. പ്രശ്‌നവുമായി ബന്ധപ്പെട്ട് മുണ്ടൂർ പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരാനുംതീരുമാനമായി.