ഇരിവേരിക്കാർ ചേക്കേറും ‘നെസ്‌റ്റ്‌’

Share our post

ചക്കരക്കൽ: വായനയ്‌ക്കപ്പുറത്തേക്ക്‌ നീളുന്ന സാന്ത്വന പ്രവർത്തനങ്ങളും കൃഷിയിടമൊരുക്കലും തൊഴിൽ പരിശീലന കേന്ദ്രവുമായി ഒരിടം. ഇരിവേരിക്കാർ ചേക്കേറുന്ന ‘നെസ്‌റ്റ്‌’ എന്ന ലൈബ്രറി ഒരു നാടിന്റെ ജീവതാളമാകുന്നത്‌ അങ്ങിനെയാണ്‌. സാമൂഹ്യജീവിതത്തിൽ ഫലപ്രദമായ ഇടപെടലാണ്‌ നെസ്‌റ്റിനെ വേറിട്ടതാക്കുന്നത്‌. എല്ലാ വിഭാഗം ജനങ്ങളെയും അതിൽ പങ്കാളികളാക്കും. പ്രസിഡന്റായിരുന്ന സി സി രാമചന്ദ്രനും സെക്രട്ടറിയായിരുന്ന പി വി ബാലൻ നായരും സ്വന്തം സമ്പാദ്യത്തിൽ നിന്ന്‌ 1.90 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ലൈബ്രറിക്ക്‌ സ്ഥലം വാങ്ങിയത്‌. ചെറിയ പ്രവർത്തനകാലയളവിനുള്ളിൽ വലിയ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഈ സ്ഥാപനത്തിന്‌ കഴിഞ്ഞു. സി പ്രസീത പ്രസിഡന്റും പി സരിൻ സെക്രട്ടറിയുമാണ്‌.

2008ൽ പ്രവർത്തനമാരംഭിക്കുമ്പോൾ 4,480 പുസ്തകങ്ങളുണ്ടായിരുന്നിടത്ത്‌ ഇപ്പോൾ 15,086 പുസ്തകങ്ങളുണ്ട്‌. പുറത്ത് പ്രത്യേകം സജ്ജീകരിച്ച ഹാളിൽ ഏത്‌ സമയത്തും പുസ്തകവും ആനുകാലികവും വായിക്കാം. ബാലവേദി, വനിതാവേദി, യുവജനവേദി, സീനിയർ സിറ്റിസൺസ് ഫോറം എന്നിവയും സജീവം. വിവിധ വിഷയങ്ങളിൽ പ്രതിമാസ ക്ലാസ്‌, ക്വിസ്‌, പിഎസ്‌സി കോച്ചിങ്‌ ക്ലാസ്‌, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ചിത്രരചന, അബാക്കസ് പരിശീലനം, ശാസ്ത്രീയ സംഗീതം, കളരി, യോഗാ, കരാട്ടെ എന്നിങ്ങനെ നീളുന്നു പരിപാടികളുടെ നിര.

കുട നിർമാണം, സോപ്പ് നിർമാണം, ജൈവ പച്ചക്കറി, കോവൽ കൃഷി, കൂൺ, തേനീച്ച കൃഷി, തയ്യൽ എന്നിവയിലും പരിശീലനം നൽകുന്നു. നാട്ടുവാഴകളുടെ സംരക്ഷണം, ആയിരം കാന്താരി, അമരത്തടം, ചതുരപ്പയർ എന്നിവയ്‌ക്കായി പ്രത്യേക പദ്ധതികളുണ്ട്‌.ആലംബഹീനർക്ക് സാമ്പത്തിക സഹായം നൽകാൻ മെമ്പർമാർ നിശ്ചിത തുക സമാഹരിക്കുന്ന പദ്ധതിയും വേറിട്ടതാണ്‌. വഴിയോര തണൽ പദ്ധതിയാണ്‌ മറ്റൊന്ന്‌.

ജൈവ പച്ചക്കറികളുടെ ആഴ്ച ചന്തയുമുണ്ട്‌. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച്‌ ഇരിവേരി കാവിന് ചുറ്റും ജൈവ വേലി നിർമിച്ചിട്ടുണ്ട്. മൂന്ന് ഏക്കറിൽ നെൽകൃഷിയും നടത്തുന്നു. മികച്ച ലൈബ്രറിക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ എൻ ഇ ബാലറാം, യുവജനക്ഷേമ ബോർഡ്‌ പുരസ്കാരങ്ങൾ, നെഹ്റു യുവക് കേന്ദ്ര, ജില്ലാ ലൈബ്രറി കൗൺസിലിന്റെ ഡോക്യുമെന്റേഷൻ പുരസ്‌കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!