കുറ്റ കൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ‘സ്മാർട്ട് ഐ ‘പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കണ്ണൂർ: കണ്ണൂരിലെത്തുന്നവരുടെ സുരക്ഷയ്ക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ‘സ്മാർട്ട് ഐ’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. ജില്ലയിലുടനീളം നിരീക്ഷണ കാമറകൾ ഒരുക്കുന്നതാണ് പദ്ധതി.ഏതൊക്കെ മേഖലകളിൽ കാമറ വയ്ക്കാനാവുമെന്നും എത്രത്തോളം കവറേജ് ലഭിക്കുമെന്നും വിദഗ്ദ്ധ സംഘം പരിശോധിക്കും.
ഇതിനു ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും. പദ്ധതി വേഗത്തിലാക്കാനായി കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം ജില്ല പഞ്ചായത്ത് വിളിച്ചുചേർത്തിരുന്നു.കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിന്റെ സാങ്കേതിക സഹായത്തോടെ, എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാമറ സ്ഥാപിക്കേണ്ട പ്രദേശങ്ങളിൽ വിദഗ്ദ്ധ പരിശോധന നടക്കുന്നുണ്ട്.
ഏതൊക്കെ തരത്തിലുള്ള കാമറകളാണ് സ്ഥാപിക്കേണ്ടതെന്നു കൂടി വിലയിരുത്തിയാണ് വിശദ പദ്ധതി രേഖ തയ്യാറാക്കുക. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് അഞ്ച് കാമറകളെങ്കിലും സ്ഥാപിക്കും.മാലിന്യം തള്ളുന്നവരും ജാഗ്രതൈമാലിന്യം തള്ളൽ, അനധികൃത മണൽക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളടക്കം തടയുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ജില്ലാ ആസ്ഥാനവുമായി കേബിൾ വഴി കാമറകൾ ബന്ധിപ്പിക്കും. സർവറും മറ്റ് കാര്യങ്ങളും ജില്ല പഞ്ചായത്താണ് ഒരുക്കുക.
കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. മിക്ക തദ്ദേശ സ്ഥാപനങ്ങളും അഞ്ചിലേറെ കാമറകൾ സ്ഥാപിക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. കേബിൾ വഴി കാമറകൾ ബന്ധിപ്പിക്കുന്നതിനാൽ സമൂഹ വിരുദ്ധർ തകർത്താലും തകരാറ് സംഭവിച്ചാലും ബന്ധം വിച്ഛേദിക്കപ്പെട്ടാലും വിവരം ലഭിക്കും.ആദ്യ ഘട്ടം 1500 കാമറകൾആദ്യഘട്ടം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 1,500 ഓളം കാമറകൾ കൺതുറക്കും. ഇതോടെ കുറ്റകൃത്യങ്ങൾ വേഗം കണ്ടെത്തി നടപടിയെടുക്കാനാവുമെന്നാണ് ജില്ല പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.
ഏതൊക്കെ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കണമെന്ന് അതത് തദ്ദേശസ്ഥാപനങ്ങൾ തീരുമാനിക്കും. ഇതോടെ സ്ഥിരം കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ നിരീക്ഷണമേർപ്പെടുത്താനും പൊലീസിനും എക്‌സൈസിനും വിവരങ്ങൾ കൈമാറാനും സാധിക്കും. കണ്ണൂർ കോർപറേഷന് 150 കാമറകൾ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.