കാള തിരിയുന്നു, എണ്ണ കിനിയുന്നു

പിണറായി: ചക്കും അതിനുചുറ്റും കറങ്ങുന്ന കാളക്കുട്ടന്മാരും. കാളകളുടെ ഊർജത്തിൽ പാരമ്പര്യത്തനിമയുള്ള ചക്ക് കറങ്ങുമ്പോൾ കിനിയുന്നത് ശുദ്ധമായ നാടൻ വെളിച്ചെണ്ണ. പുതുതലമുക്ക് അന്യമായ ചക്കിലെണ്ണയാട്ടൽ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ് മമ്പറം കീഴത്തൂരിലെ കണ്ണോത്ത് ഹൗസിൽ പി .വി രനീഷ്. ഇവിടെ ചക്കിലാട്ടി ലഭിക്കുന്ന ശുദ്ധമായ എണ്ണയ്‌ക്ക് ആവശ്യക്കാരുമേറെ.
അഞ്ചരക്കണ്ടി–- തലശേരി റോഡിൽ ഓടക്കാട് കച്ചേരി മട്ടയിലാണ് ചക്ക് വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രം. കേരളത്തിൽ കാളവലിച്ചുള്ള വെളിച്ചെണ്ണ നിർമാണം കുറവാണ്. ചക്കിന്റെ കണ പൂവ്വം മരത്തിലും കുറ്റി കരിങ്കല്ലിലുമാണ് നിർമിച്ചത്. വെളിച്ചെണ്ണ, ഉരുക്കെണ്ണ, എള്ളെണ്ണ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നുണ്ട്. സാധാരണ കേരളത്തിൽ മരത്തിലാണ് കുറ്റി നിർമ്മിക്കുന്നത്. കരിങ്കല്ലിൽ കുറ്റി നിർമിക്കുന്നത് അപൂർവമാണ്.
ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന കല്ലിന്റെ പ്രവൃത്തി വിദഗ്‌ധരായ തമിഴ്നാട് സ്വദേശികളാണ് നിർവഹിച്ചത്. ചക്ക് വലിക്കാൻ രണ്ട് കാളകളുമുണ്ട്. യന്ത്രത്തിലൂടെ എണ്ണ ആട്ടിയെടുക്കുമ്പോൾ വെന്ത എണ്ണയാണ് ലഭിക്കുക. മരച്ചക്കിലാട്ടുമ്പോൾ സ്വാഭാവിക എണ്ണ ലഭിക്കും.
കൊപ്രയിൽ വെള്ളം തളിച്ചശേഷമാണ് ആട്ടൽ. നിരവധിപ്പേരാണ് ചക്ക് ആട്ടി വെളിച്ചെണ്ണ എടുക്കുന്നത് കാണാനെത്തുന്നത്. 400 രൂപയാണ് ഒരുലിറ്റർ വെളിച്ചെണ്ണക്ക് വില. ഉരുക്കെണ്ണയ്ക്ക് 600 ഉം എള്ളെണ്ണക്ക് 800 ഉം രൂപയാണ്.