സീ കവ്വായി ടൂറിസത്തിന് ബെസ്‌റ്റാണ്

പയ്യന്നൂർ:‘ സീ – കവ്വായി ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്തിലധികം തദ്ദേശസ്ഥാപന പരിധിയിൽ വ്യാപിച്ചുകിടക്കുന്ന കവ്വായി കായൽ ടൂറിസം രംഗത്ത് വൻ മുന്നേറ്റത്തിലാണ്. അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തി ‘സീ – കവ്വായി പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ്’ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി .ഐ മധുസൂദനൻ എം.എൽ.എ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നതിന് മന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉന്നതതല ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദർശനം. ടി. ഐ. മധുസൂദനൻ എം.എൽ.എ, ജലഗതാഗത വകുപ്പ് മെക്കാനിക്കൽ എൻജിനിയർ അരുൺ, ട്രാഫിക് സൂപ്രണ്ട് എം .സുജിത്ത്, ജൂനിയർ സൂപ്രണ്ട് ഹരികുമാർ, സ്റ്റേഷൻ മാസ്റ്റർ ഷനിൽ ജോൺ എന്നിവർ സംഘത്തിലുണ്ടായി. ഇവിടം പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവീസിന് അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി.
കവ്വായിയുടെ സാധ്യതകൾ
കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായി. കടലോരത്തിന് സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലവും 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതുമായ കവ്വായി കായലിൽ ധാരാളം ദ്വീപുകളുണ്ട്.
40 കിലോമീറ്റർ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. 1990കളിൽ വടക്കൻ കേരളത്തിൽ ജലഗതാഗതം വ്യാപിപ്പിക്കുന്ന ഘട്ടത്തിൽ തുടങ്ങിയ ഒരു ബോട്ട് സർവീസ് മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്.