ഇ.എസ്.ഐ ആസ്പത്രിക്ക് വേണം അടിയന്തര ചികിത്സ

പാപ്പിനിശ്ശേരി: കാടുമൂടിയും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും മാറിയൊരു ആസ്പത്രിയുണ്ടിവിടെ; പാപ്പിനിശ്ശേരി ഇ.എസ്.ഐ ആസ്പത്രി. സമീപത്തെ സേവന പ്രാദേശിക ഓഫിസിനും ആസ്പത്രിക്കും അധികൃതരുടെ അടിയന്തര ചികിത്സ ആവശ്യമായിരിക്കുന്നു.
പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്. നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിനു ചുറ്റും കാടുമൂടിയതിനാല്‍ കെട്ടിടം നേരാംവണ്ണം കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായ ആസ്പത്രിയും പരിസരവും സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും നടപ്പാകുന്നില്ല.
രണ്ട് ഏക്കറോളം സ്ഥലത്ത് വിശാലമായിക്കിടക്കുന്ന ആസ്പത്രിയും ഓഫിസും ക്വാർട്ടേഴ്സും കാടിനുള്ളിലാണ്. ദിവസേന ഇവിടെയത്തുന്ന രോഗികളും മറ്റും പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ്.
കാലപ്പഴക്കത്താല്‍ തേഞ്ഞുമാഞ്ഞുപോയ ആസ്പത്രിയുടെ നാമത്തകിട് പോലും പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. മഴക്കാലമായാല്‍ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ചോർന്നൊലിക്കും. ആസ്പത്രി പരിസരമാകെ വെള്ളക്കെട്ടിലുമാകും. ആർക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയില്‍ ആസ്പത്രി ആര് സംരക്ഷിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. അരനൂറ്റാണ്ടായി തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിനും സേവനത്തിനുമായി തുടങ്ങിയതാണ് ഈ ആസ്പത്രി.
ജില്ലയിലെ 4,700 തൊഴിലാളികൾക്ക് ആരോഗ്യ സേവനം നൽകുന്നതിന് സ്ഥാപിച്ച പ്രധാന ആസ്പത്രിയാണിത്. ആവശ്യത്തിന് പശ്ചാത്തല സൗകര്യമുണ്ടെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാതെ സ്ഥാപനത്തെ അധികൃതർ നോക്കുകുത്തിയാക്കുകയാണ്. നിത്യേന നൂറിലധികം തൊഴിലാളികൾ എത്തിച്ചേരുന്ന ആസ്പത്രിയിൽ ചികിത്സയും മരുന്നു വിതരണവും അവധി ആവശ്യങ്ങൾക്കുള്ള സാക്ഷ്യപത്രവും നൽകുന്ന സേവനങ്ങൾ മാത്രമാണ് നിലവിലുള്ളത്. പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്.
നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിന്റെ ചുറ്റും കാടുമൂടി കെട്ടിടം കാണാതെ തിരയേണ്ട അവസ്ഥയാണ്. ആശുപത്രിയുടെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇ.എസ്.ഐ കോർപറേഷനാണെങ്കിലും ആവശ്യമായ മെഡിക്കൽ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നാണ് തൊഴിലാളി സംഘടന നേതാക്കൾ പറയുന്നത്. കേന്ദ്രവും സംസ്ഥാനവും കൈമലർത്തുമ്പോൾ ബുദ്ധിമുട്ടുന്നത് രോഗികളാണ്.