അഡൂർക്കടവ് പാലം യാഥാർഥ്യമാകുന്നു

ശ്രീകണ്ഠപുരം : അഡൂർക്കടവ് പാലത്തിന് 12.15 കോടിയുടെ പുതുക്കിയ ഭരണാനുമതി ആയതോടെ ഇവിടെ പുതിയ പാലം വരും എന്ന് ഉറപ്പായി. പാലം യാഥാർഥ്യമാകുന്നതോടെ ഏറെക്കാലമായി മലപ്പട്ടം, ചെങ്ങളായി പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകും.
ജില്ലയിലെ മലയോര മേഖലയുടെ വികസന രംഗത്തും മുന്നേറ്റമുണ്ടാകും. ചെങ്ങളായി, വളക്കൈ പ്രദേശങ്ങളിൽ നിന്നും ശ്രീകണ്ഠാപുരം ടൗണിൽ പ്രവേശിക്കാതെ കണ്ണൂർ എയർപോർട്ടിലേക്ക് വളരെ വേഗം എത്തുന്നതിനും ഈ പാലം വരുന്നതോടെ സാധ്യമാകും.
ചെങ്ങളായി കടവിനേയും, അഡൂർ കടവിനെയും ബന്ധിപ്പിച്ചു പാലം പണിയണമെന്ന ആവശ്യത്തിന്ന് തുടക്കമിട്ടത് ചെങ്ങളായി പഞ്ചായത്ത് അംഗം മൂസാൻ കുട്ടി തേറളായി ആയിരുന്നു. അദ്ദേഹം അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഇൻവസ്റ്റിഗേഷൻ നടപടിക്ക് സർക്കാർ ടെണ്ടർ നൽകി ബോറിങ്ങ് പ്രവൃത്തി ആരംഭിച്ചത്.
ആ കാലത്ത് ഇതിനായ് രണ്ട് പഞ്ചായത്തിലെയും ആളുകൾ ഉൾപ്പെട്ട ജനകീയ കമ്മിറ്റിയും ഉണ്ടാക്കിയിരുന്നു.ബോറിംങ്ങ് പ്രവർത്തികൾക്ക് ശേഷം പാലത്തിന്റെ ഡിസൈനും, എസ്റ്റിമേറ്റും ഉണ്ടാക്കിയിരുന്നു. ഭരണം മാറിയപ്പോൾ എം.എൽ .എമാരായ ജയിംസ് മാത്യുവും,കെ.സി ജോസഫും ഇടപ്പെട്ടതിനെ തുടർന്ന് ഭരണാനുമതിയും ലഭിച്ചിരുന്നു.
എങ്കിലും പ്രവൃത്തി നീണ്ടു പോയി .ഇപ്പോൾ എം.വി.ഗോവിന്ദൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഭരണാനുമതി പുതുക്കി നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഈ ആവശ്യത്തിനായി മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.