നിയുക്തി മേളയിൽ മൂവായിരം ഒഴിവുകൾ: അറുപത് കമ്പനികൾ ഉറപ്പ്

കാസർകോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് നേതൃത്വത്തിൽ ഇന്ന് പെരിയ എസ്.എൻ. കോളേജിൽ നിയുക്തി മേള നടത്തുമെന്ന് കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി. സലിം പറഞ്ഞു.
മേളയിലേക്ക് അറുപത് സ്വകാര്യ കമ്പനികൾ എത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.മൂവായിരത്തോളം ഒഴിവുകളിലേക്കാണ് കഴിവുള്ള ഉദ്യോഗാർത്ഥികളെ തേടുന്നത്. സർക്കാർ മേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ പരിമിതികൾ ഉള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനം കിട്ടുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ പറഞ്ഞു.
ആയിരത്തോളം അപേക്ഷകൾ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഐ.ടി, ആശുപത്രികൾ, സാങ്കേതിക മാനേജ്‌മെന്റ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ,ഓഫീസ് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഭാഗത്തിൽ പ്ലസ്ടു മുതൽ ഉന്നത ബിരുദം നേടിയവരെയും സാങ്കേതിക പരിജ്ഞാനം നേടിയവരെയും നിയമിക്കും. സേവന വേതന വ്യവസ്ഥകൾ സർക്കാർ നിയമം അനുസരിച്ചു തന്നെ നൽകണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.തൊഴിൽ മേള പത്താം വർഷത്തിലേക്ക്പത്തു വർഷത്തോളമായി തൊഴിൽമേളകൾ സംഘടിപ്പിച്ചുവരുന്നതിന്റെ ഭാഗമാണ് നിയുക്തി നടത്തുന്നത്. കഴിഞ്ഞ വർഷം മുതലാണ് എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ നടത്തിവരുന്നത്.
അപേക്ഷകർ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് , ബയോഡാറ്റ സഹിതമാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. എപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്യാത്തവർക്കും മേളയിൽ പങ്കെടുക്കാം. മറ്റുജില്ലകളിലേയോ മറ്റു സംസ്ഥാനങ്ങളിലേയോ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. മേളയുടെ ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിക്കും. അഡ്വ.സി എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.