റൈഡ് ടു കണ്ണൂർ എയർപോർട്ട്; ആവേശമായി നാലാം പതിപ്പ്

Share our post

കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി സൈക്കിൾ റൈഡർമാർ നടത്തിയ ആവേശോജ്വലമായ യാത്രയുടെ ഓർമ പുതുക്കി ഇത്തവണയും കണ്ണൂർ സൈക്കിളേറി. റൈഡ് ടു കണ്ണൂർ എയർപോർട്ട് – സൈക്കിൾ റാലിയുടെ നാലാം പതിപ്പിലും ആവേശത്തോടെ നാട് അണിചേർന്നു. മലയാള മനോരമയുടെ പിന്തുണയോടെ കാനന്നൂർ സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച റാലിയിൽ ഇരുന്നൂറോളം റൈഡർമാർ പങ്കെടുത്തു. മേയർ ടി.ഒ.മോഹനനും സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറും ചേർന്ന് കണ്ണൂർ പൊലീസ് പരേഡ് മൈതാനത്ത് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇരുവരും അൽപദൂരം റാലിയിൽ അണിചേരുകയും ചെയ്തു. കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ കൂത്തുപറമ്പ്, തലശ്ശേരി യൂണിറ്റുകളിൽ നിന്നുള്ള റൈഡർമാർ പ്രത്യേക റാലികളായി മട്ടന്നൂരിലെത്തി. മൂന്ന് റാലികളും വിമാനത്താവള കവാടത്തിൽ സംഗമിച്ചാണ് വിമാനത്താവള പരിസരത്തേക്ക് നീങ്ങിയത്. ടെർമിനലിനു സമീപം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, മട്ടന്നൂർ നഗരസഭ വൈസ് ചെയർപഴ്സൻ ഒ.പ്രീത, കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) കെ.പി.ജോസ്, അഡ്മിനിസ്ട്രേഷൻ മാനേജർ ടി.അജയകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

കണ്ണൂരിൽ നിന്നുള്ള റൈഡിന് കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിൻ‍ പള്ളിക്കണ്ടി, സെക്രട്ടറി മുഹമ്മദ് അസാഹിദ്, ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് കുമാരൻ, എം.ലക്ഷ്മികാന്തൻ, നൗഷാദ് കാസിം, എ.കെ.അബ്ദുല്ലക്കുട്ടി, ഐ.ബി.ജസീൽ, പിങ്ക് റൈഡേഴ്സ് ചെയർപഴ്സൻ ഡോ. മേരി ഉമ്മൻ, പ്രിയങ്ക ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.

കൂത്തുപറമ്പിൽ നിന്നുള്ള റൈഡിന് ഖാലിദ് അബൂബക്കർ, മുഹമ്മദ് ഷിഹാബ് എന്നിവരും തലശ്ശേരിയിൽ നിന്നുള്ള റൈഡിന് ബിനീത് നാരായണൻ, ടി.കെ.ജിതിൻ എന്നിവരും നേതൃത്വം നൽകി. റൈഡിന് ഏച്ചൂരിൽ സി.രാജേന്ദ്രന്റെ നേതൃത്വത്തിലും ചാലോട് ടി.സുനിൽ കുമാർ, എം.രത്നകുമാർ, മട്ടന്നൂർ എസ്ഐ കെ.വി.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലും നാട്ടുകാർ സ്വീകരണം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!