കണ്ണൂർ: ആദികടലായി എന്ന കൊച്ചുഗ്രാമത്തിൽ ലുങ്കിയും തലയിൽ തൂവാലയും കെട്ടി വിത്തും കൈക്കോട്ടുമായി ബോഗ്ദാൻ ഡ്വോറോവിയും അലക്സാൻഡ്രയും അതിരാവിലെതന്നെ മണ്ണിലിറങ്ങും. മണ്ണിൽ പണിയെടുത്താണ് കൃഷി പഠിക്കേണ്ടതെന്നാണ് ഈ റഷ്യൻദമ്പതികളുടെ പക്ഷം. പഠിച്ചുപഠിച്ച് മലയാളിയുടെ ജൈവകൃഷി റഷ്യയിലെത്തിക്കുകയെന്ന സ്വപ്നംകൂടിയുണ്ട് ദിവസങ്ങളായുള്ള ഈ അധ്വാനത്തിന് പിന്നിൽ.
സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നുള്ള ദമ്പതികളായ ബോഗ്ദാൻ ഡ്വോറോവി (24), അലക്സാൻഡ്ര ചെബോട്ടരേവ എന്നിവരുടെ കൃഷി അഭിനിവേശമാണ് കടൽ കടന്ന് ആദികടലായി എന്ന ഗ്രാമത്തിലേക്ക് എത്തിച്ചത്. ആദികടലായിയിലെ പരിചയസമ്പന്നനായ ജൈവകർഷകൻ ഇ.വി. ഹാരിസിനൊപ്പം (65) ജൈവകൃഷിയിൽ പ്രാവീണ്യംനേടാൻ കഠിനമായി ശ്രമിക്കുകയാണ് അവർ. പച്ചക്കറികൃഷി ചെയ്യുന്ന മണ്ണിലേക്ക് വിരൽചൂണ്ടി പുതിയ ജീവിതംപഠിക്കുന്ന നിർവൃതിയിലാണ് ഈ വിദേശദമ്പതികൾ.
‘വേൾഡ് വൈഡ് ഓപ്പർച്യുനിറ്റീസ് ഓൺ ഓർഗാനിക് ഫാംസ് ഇന്ത്യ’എന്ന വെബ്സൈറ്റിലൂടെയാണ് റഷ്യൻദമ്പതികൾ ഹാരിസിന്റെ ഫാമിനെ കുറിച്ച് അറിഞ്ഞത്. ഹാരിസ് കുറച്ചുകാലം മുമ്പ് സൈറ്റിൽ തന്റെ ഫാം രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കൃഷിപ്രേമികളായ ഇവർ റഷ്യയിൽനിന്നെത്തി ഹാരിസിന്റെ വീട്ടിൽ താമസിച്ച് കൃഷി പഠിക്കാൻ തയാറായി. അവർ വന്നു, പലരെയും അത്ഭുതപ്പെടുത്തി. താമസിയാതെ മുഴുസമയ കർഷകരായി മാറിയതായും ഹാരിസ് പറയുന്നു. അതിരാവിലെ എഴുന്നേറ്റ് കൃഷിയിടത്തിൽ പണി തുടങ്ങും. ചാണകപ്പൊടി വയലിലേക്ക് കൊണ്ടുപോകുന്നതിൽ അവർക്ക് വിരോധമില്ല. അവർ അവരുടെ ജോലി ആസ്വദിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു.
തന്റെ മാതാപിതാക്കൾ കർഷകരായതിനാൽ ഞാൻ കൃഷിയിൽ പുതിയ ആളല്ല എന്നാണ് ബോഗ്ദാന്റെ വാദം. ‘ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ്, ഞാൻ കോവിഡ് സമയത്ത് തുർക്കിയയിലേക്ക് പോയി, തേനീച്ച വളർത്തലിൽ വിദഗ്ധനായ ഒരാളുടെ കൂടെ താമസിച്ചിരുന്നു’. തുർക്കിയയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബർഗിൽ തിരിച്ചെത്തിയപ്പോൾ, ബോഗ്ദാൻ പ്രകൃതിയെയും മനുഷ്യരെയും കുറിച്ച് റഷ്യൻഭാഷയിൽ ‘ദി സീഡ്’എന്ന പുസ്തകവും എഴുതി.
ഒരു യാത്രക്കിടെയാണ് ബോഗ്ദാൻ തന്റെ ഭാര്യ അലക്സാൻഡ്രയെ കണ്ടുമുട്ടുന്നത്. അവൾ കൃഷിയിലും പ്രകൃതിയിലും അഭിനിവേശമുള്ളവളാണ്. ‘ഇത് ഞങ്ങളുടെ ദിനചര്യയിൽനിന്നുള്ള ഇടവേളയല്ല, ഇതാണ് ജീവിതം. ഇവിടെ വന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇവിടത്തെ കൃഷി ഞങ്ങൾക്ക് പുതിയതാണ്. ഇവിടെ, എനിക്ക് ഒരു പുതിയ അനുഭവമാണ്. ഇവിടെ, നിങ്ങൾക്ക് ജീവിതം കാണാം’-ബോഗ്ദാൻ പറയുന്നു.
നിലമൊരുക്കി വിത്തിട്ട് അവയെ പരിപാലിക്കുകയാണ് അവരിപ്പോൾ. ഇവ മുളച്ച് വിളവെടുക്കാൻ ഏകദേശം രണ്ട് മാസത്തിൽ കൂടുതലെടുക്കും. അതുവരെ മലയാളിയുടെ മണ്ണിൽ അവർ അധ്വാനം വിതക്കും. അതിനുശേഷം നാട്ടിലെത്തി സ്വന്തം കൃഷിയിടത്തിൽ ജൈവകൃഷിയിറക്കാനാണ് ഇവരുടെ തീരുമാനം.