ഓഹരി നിക്ഷേപം: 200 കോടി തട്ടിച്ച് ദമ്പതികൾ മുങ്ങി, സിനിമാതാരങ്ങളടക്കം ഇരയായി

Share our post

തൃക്കാക്കര: ഓഹരി വിപണിയിൽ മുതൽമുടക്കി വൻലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിനിമാ താരങ്ങൾ, പ്രവാസികൾ, ഡോക്ടർമാർ എന്നിവരിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്ത് ദമ്പതികൾ മുങ്ങി. കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപന ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവർക്കെതിരെ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.നാല്പതോളം പരാതികൾ പ്രകാരം 200 കോടി രൂപയോളം കൈക്കലാക്കിയിട്ടുണ്ട്. 3 കോടി വരെ നഷ്ടപ്പെട്ടവരുണ്ട്.

പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. മാസ്റ്റേഴ്സ് ഫിൻ കോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെ‌ർവ്, മാസ്റ്റേഴ്സ് ഫിൻ കെയ‌ർ, മാസ്റ്റേഴ്സ് ആർ.സി.സി എന്നീ സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്.എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു എബിൻ. എൻ.ആർ.ഐ അക്കൗണ്ടുകാരെയും സെലിബ്രിറ്റികളെയും കണ്ടെത്തി തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 18 ശതമാനത്തിന് മുകളിൽ ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇവർക്ക് ഏജന്റുമാരുണ്ടെന്ന് പരാതിക്കാർ പറയുന്നു.2014 ലാണ് സ്ഥാപനം ആരംഭിച്ചത്. വലിയ തുക ലാഭവിഹിതമായി നൽകി വിശ്വാസം നേടിയെടുത്ത് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.2021 നവംബർ മുതൽ ലാഭം നൽകാതായി. ജി.എസ്.ടി പ്രശ്നം പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്.

തിങ്കളാഴ്ച മുതൽ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു.മൂലേപ്പാടം റോഡിലെ വീടും സ്ഥലവും കാറും ദമ്പതികൾ വിറ്റതായി പോലീസ് പറഞ്ഞു. കൊച്ചിയിൽ രണ്ട് ഫ്ലാറ്റുകളുള്ളതായും വിവരമുണ്ട്.’മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപന ഉടമകൾക്കെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്. സ്ഥലത്തില്ലാത്തവർ ഫോണിലൂടെയും പരാതികൾ പറയുന്നു’.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!