പെട്രോൾപമ്പ് തൊഴിലാളികൾ ദ്വിദിന പണിമുടക്ക് നടത്തും
കണ്ണൂർ: ജില്ലയിലെ പെട്രോൾപമ്പ് തൊഴിലാളികൾ 27, 28 ദിവസങ്ങളിൽ സൂചനാ പണിമുടക്ക് നടത്താൻ ഫ്യൂവെൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 2020 ഫെബ്രുവരി 19ന് കൊണ്ടുവന്ന മിനിമംകൂലി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു.
മിനിമം വേതനം പ്രതിമാസം 21,000 രൂപയാക്കി നിശ്ചയിക്കണമെന്നും ഇ.എസ്ഐ, പി.എഫ് എന്നിവ നടപ്പിലാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു.ഇതുചർച്ച ചെയ്യാൻ ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ ഉടമകൾ പങ്കെടുത്തിട്ടില്ല.
ഉടമകളെ പങ്കെടുപ്പിച്ച് ലേബർ ഡിപ്പാർട്ട്മെന്റ് യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാസെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി .രാഘവൻ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ .പി സഹദേവൻ, ജനറൽ സെക്രട്ടറി എ. പ്രേമരാജൻ എന്നിവർ സംസാരിച്ചു.