ഒന്നാണീ അടുക്കള, ഹാപ്പിയായി ഒരുവർഷം

കണ്ണൂർ: പൊന്നാനിക്കും ബാലുശേരിക്കും പിന്നാലെ കണ്ണൂരിലും തുടങ്ങിയ സമൂഹ അടുക്കളയ്‌ക്ക് ഒരു വയസാകുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകരും ജീവനക്കാരും ആരംഭിച്ച സമൂഹ അടുക്കളയാണ് അംഗങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാക്കി വർധിപ്പിച്ച് വ്യാഴാഴ്‌ച ഒരുവർഷം പൂർത്തിയാക്കുന്നത്.
അടുക്കളകളിൽ തളച്ചിടപ്പെടുന്ന സ്‌ത്രീകൾക്ക് ആശ്വാസവുമായി ആരംഭിച്ച സമൂഹ അടുക്കളകളെക്കുറിച്ചറിഞ്ഞാണ് കണ്ണൂർ എൻജിനിയറിങ് കോളേജ് ജീവനക്കാരും അധ്യാപകരും ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ആലോചിച്ചത്.
എൻജിനിയറിങ് കോളജ് ഫാമിലി ക്വാർട്ടേഴ്‌സിലും സമീപത്തുമായി താമസിക്കുന്നവരാണ് പുതിയ തുടക്കത്തിന് മുന്നിട്ടിറങ്ങിയത്. 13 കുടുംബങ്ങളെവച്ചാണ് തുടങ്ങിയതെങ്കിൽ ഇന്നത് 37 കുടുംബങ്ങളും 76 അംഗങ്ങളുമായി വളർന്നു. രാവിലെയും ഉച്ചയ്‌ക്കും രാത്രിയിലുമായി സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണമെത്തുന്നതിനാൽ വീട്ടിൽ ആരും പാചകം ചെയ്യുന്നില്ല.കുടുംബശ്രീ യൂണിറ്റിലെ റീജയുടെ നേതൃത്വത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെ ആറുമുതലാണ് സമൂഹ അടുക്കളയിൽ ജോലിയാരംഭിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ മാറിമാറിയാണ് ജോലിക്കെത്തുക.
ഏഴോടെ പ്രഭാത ഭക്ഷണവും പന്ത്രണ്ടോടെ ഊണും വൈകിട്ട് അഞ്ചരയോടെ രാത്രി ഭക്ഷണവും തയ്യാറാകും. ബിരിയാണിയും മന്തിയും ചിക്കൻ–- ബിഫ് ഫ്രൈകളും മാറിമാറി വീടുകളിലെത്തുന്നു. അയക്കൂറയടക്കമുള്ള മീൻ മുളകിട്ടും പൊരിച്ചും രുചിചോരാതെ കിട്ടുന്നതിനൊപ്പം കഞ്ഞിയും കപ്പയുമടക്കമുള്ള വിഭവങ്ങളും മെനുവിലുണ്ട്. ആഴ്‌ചയിലൊരു ദിവസം ഊണിനൊപ്പം പായസവുമുണ്ടാകും. പാത്രവുമായെത്തി അംഗങ്ങൾക്ക് വീടുകളിലേക്ക് ഭക്ഷണം കൊണ്ടുപോകാം. ഒന്നിച്ചിരുന്ന് കഴിക്കുകയുമാകാം.
ഒരു കമ്മിറ്റി രൂപീകരിച്ചാണ് സമൂഹ അടുക്കളയുടെ പ്രവർത്തനം. രണ്ടാഴ്‌ചയിലൊരിക്കൽ പ്രവർത്തനം വിലയിരുത്തുന്നതിനാൽ പരാതികൾക്കും സ്ഥാനമില്ല. വിഭവങ്ങളും മാറിമാറി വരുന്നതിനാൽ ആർക്കും മടുപ്പുമില്ല. ഒരാൾക്ക് പ്രതിദിനം 100 മുതൽ 150 രൂപ വരെയാണ് ചെലവു വരുന്നത്. മൊത്തം ചെലവ് കണക്കാക്കിയാണ് ഓരോരുത്തരുടെയും വിഹിതം നിശ്‌ചയിക്കുക.
നാളെയെന്തുണ്ടാക്കുമെന്ന ആശങ്കയ്‌ക്കാണ് സമൂഹ അടക്കള പരിഹാരമൊരുക്കിയതെന്ന് എൻജിനിയറിങ് കോളേജ് കംപ്യൂട്ടർ സയൻസ് അധ്യാപിക ബിൻസി ആന്റണി പറഞ്ഞു. അടുക്കളയിൽ ചെലവിടുന്ന സമയം പഠനമടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. മറ്റു കുടുംബങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നത് ഇക്കാലത്ത് നൽകുന്ന സംതൃപ്‌തി ചെറുതല്ലെന്നും അവർ പറഞ്ഞു.
സമൂഹ അടുക്കള സാധ്യതയുള്ളിടത്തെല്ലാം ആരംഭിക്കണമെന്ന അഭിപ്രായക്കാരികൂടിയാണ് ബിൻസി. ജോലിയെടുത്തു വീട്ടിലെത്തുന്ന സ്‌ത്രീകൾ വീണ്ടും അടുക്കളയിൽ മണിക്കൂറുകൾ മല്ലിടണം. രാവിലെയും ഇതുതന്നെയാണ് സ്ഥിതി. സമൂഹ അടുക്കളകൾ ഇതിന് കൃത്യമായ പരിഹാരമൊരുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.