സർഗാത്മകത വളർത്താൻ ഒരു ലഹരിക്കുമാവില്ല: ടി.പത്മനാഭൻ

കടന്നപ്പള്ളി : സർഗാത്മക കഴിവുകൾ വളർത്താൻ ഒരു ലഹരിക്കുമാവില്ലെന്നും അതു കഴിവുകളെ തളർത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ റവന്യു ജില്ലാ സർഗോത്സവം കടന്നപ്പള്ളി യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ലഹരിക്കെതിരെയുള്ള കുരിശുയുദ്ധത്തിലാണ്. ഇതു പൂർണമായും വിജയിക്കണമെങ്കിൽ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു.
ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പി.കെ.ഭാസ്കരൻ, ഇ.സി.വിനോദ്, പി.വി.പ്രദീപ് കുമാർ, കൃഷ്ണൻ നടുവലത്ത്, രവീന്ദ്രൻ തിടിൽ, വി.പി.സുഭാഷ്, ഇ.പി.വിനോദ് കുമാർ, പി.ടി.ഗോവിന്ദൻ നമ്പ്യാർ, കെ.കെ.സുരേഷ്, സി.വി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ഗോത്ര പെരുമ രാവണീശ്വരം അവതരിപ്പിച്ച മംഗലം കളി, വിളക്കാട്ടം എരുതുകളി, ഗോത്രപ്പാട്ട്, നാടൻ പാട്ട് തുടങ്ങിയവ അരങ്ങിലെത്തി. 15 ഉപജില്ലകളിൽ നിന്നായി 420 പ്രതിഭകൾ രണ്ട് ദിവസമായി നടക്കുന്ന സർഗോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.