കണ്ണൂർ വിമാനത്താവളം;ചിറകൊടിഞ്ഞ് വികസനം

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് 4 വയസ്സ് തികയുമ്പോഴും അനുബന്ധ വികസനങ്ങൾ ഇപ്പോഴും മന്ദഗതിയിൽ. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകൾ പാതി വഴിയിലാണ്. വിമാനത്താവള നഗരമായി മട്ടന്നൂരിനെ ഉയർത്താനായി പ്രഖ്യാപിച്ച വൻകിട സംരംഭങ്ങൾ പലതും തുടങ്ങിയില്ല. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ പൊതു ഗതാഗത സൗകര്യങ്ങളില്ല.

വിമാനത്താവള പരിസരത്ത് കുറഞ്ഞ ചെലവിൽ താമസത്തിന് സൗകര്യങ്ങളും പരിമിതം. കാർഷിക വ്യാവസായിക ടൂറിസം മേഖലയും കാര്യമായി ഉണർന്നില്ല. 2018–ൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് അതിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പല വികസന പ്രവർത്തനങ്ങളും ‘ഉദ്ഘാടനത്തിൽ’ മാത്രം ഒതുങ്ങി.

എല്ലാ മേഖലയിലും ഉണർവ് വരുമെന്ന പ്രതീക്ഷയ്ക്കും പതിയെ മങ്ങലേൽക്കുന്ന സ്ഥിതിയായി. കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന 6 റോഡുകളുടെ പ്രവർത്തനം അതിർ‌ത്തിക്കല്ല് സ്ഥാപിക്കലിൽ തട്ടി നിൽക്കുന്നു.

വിമാനത്താവളത്തിലേക്ക് കണ്ണൂർ, തലശ്ശേരി, ഇരിട്ടി, കോഴിക്കോട് തുടങ്ങിയ ടൗണുകളെ ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും കോവിഡിനെ തുടർന്ന് സർവീസ് അവസാനിപ്പിച്ചു. യാത്രക്കാർ ഇല്ലാത്തതാണു‍ സർവീസ് മുടങ്ങാൻ കാരണം.

പുതുതായി സർവീസ് തുടങ്ങാൻ പദ്ധതിയില്ലെന്നാണു വിവരം. രാജ്യാന്തര നഗരമായി മട്ടന്നൂരിനെ ഉയർത്താനുള്ള പദ്ധതിയും പാതിവഴിയിലാണ്. 140 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കൺവൻഷൻ സെന്ററിന് 32 മാസം മുൻപ് ഭരണാനുമതി കിട്ടിയെങ്കിലും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ല. വലിയ വികസന പ്രവർത്തനങ്ങൾ നടക്കുമെന്ന പ്രതീക്ഷ മാത്രമാണ് കഴിഞ്ഞ 4 വർഷമായിട്ടും ബാക്കിയുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!