‘കൊല്ലുമെന്നാണ്‌ കരുതിയത്‌; ജീവൻ തിരിച്ചുകിട്ടി’

Share our post

കൽപ്പറ്റ: ‘വസ്‌ത്രം വലിച്ചുകീറി മതിലിൽനിന്ന്‌ തള്ളിയിട്ടു. തലയിടിച്ചാണു വീണത്‌. ആരൊക്കെയോ ആക്രോശിക്കുന്നത്‌ കേട്ടു. ചിലർ പുറത്തുകയറി ചവിട്ടി. കാലിൽനിന്ന്‌ ചോര ഒലിക്കുന്നുണ്ടായിരുന്നു. നെഞ്ചിലും മുറിവേറ്റു. പിന്നെ ഒന്നും ഓർമയില്ല. ബോധംവന്നപ്പോൾ മേപ്പാടിയിലെ ആസ്പത്രിയിലാണ്‌. കൊല്ലുമെന്നാണ്‌ കരുതിയത്‌. ജീവൻ തിരിച്ചുകിട്ടി’. വയനാട്‌ മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ യു.ഡി.എസ്‌.എഫ്‌–-മയക്കുമരുന്ന്‌ സംഘത്തിന്റെ വധശ്രമത്തിൽനിന്ന്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട എസ്‌.എഫ്‌.ഐ വയനാട്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിക്ക്‌ സംസാരിക്കാനാകുന്നില്ല.

മിണ്ടിത്തുടങ്ങിയാൽ ശ്വാസംമുട്ടും. കിതപ്പ്‌ കൂടി വാക്കുകൾ കണ്ണീരാകും. നെഞ്ചുതിരുമ്മി അമ്മ ശ്രീജിത അടുത്തുണ്ട്‌. സംസാരിക്കാനുള്ള പ്രയാസം ആരുടെയും ഉള്ളുലയ്‌ക്കും. ഇടയ്‌ക്കിടെയുള്ള ഛർദി തളർത്തുന്നുണ്ട്‌. വിദഗ്ധ ചികിത്സയ്‌ക്കായി ബുധനാഴ്‌ച അപർണയെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലേക്ക്‌ കൊണ്ടുപോകും.

തെരഞ്ഞെടുപ്പ്‌ ചുമതലയുണ്ടായിരുന്നതിനാലാണ്‌ അപർണ പോളിടെക്‌നിക്കിൽ എത്തിയത്‌. കോളേജിനകത്ത്‌ കടന്നിരുന്നില്ല. അവിടെ പഠിക്കുന്ന അനുജൻ അമലിനൊപ്പം ക്യാമ്പസിന്റെ മതിലിനരികിലിരുന്ന്‌ ഉച്ചഭക്ഷണം കഴിച്ച്‌ കൈകഴുകാൻ പോകുമ്പോഴായിരുന്നു ആക്രമണം. അനുജൻ വെള്ളമെടുത്തുവരുമ്പോഴേക്കും മയക്കുമരുന്ന്‌–- യു.ഡി.എസ്‌.എഫ്‌ സംഘം വളഞ്ഞിട്ട്‌ മർദിച്ചു. കോളേജിലെ മയക്കുമരുന്ന്‌ സംഘമായ ‘ട്രാബിയോക്കി’നെതിരെ അപർണയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയതിലുള്ള പ്രതികാരമായിരുന്നു ആക്രമണം. സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!