ഇരിട്ടി: മേഖലയിൽ 6 ദിവസമായി കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച വിളമനയിലെ കാടു പിടിച്ച തോട്ടങ്ങളിൽ ഇന്നു രാവിലെ മുതൽ തിരച്ചിൽ നടത്താനാണു തീരുമാനം.ഇന്നലെ സ്ഥലത്തെത്തിയ കണ്ണൂർ ഡി.എഫ്ഒ. പി.കാർത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകുകയും പ്രദേശത്തെ ജനപ്രതിനിധികൾ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണിത്.
കടുവയെ തുരത്തുന്നതിനു നടപടി സ്വീകരിക്കാത്തതിൽ ഡി.എഫ്ഒയ്ക്കു മുന്നിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. കടുവാ ഭീഷണി ഒഴിവാക്കാൻ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് അധികൃതർ ഇപ്പോഴും വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടെത്തി വേണ്ടെന്നു വച്ചിരുന്നു. കടുവാ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമാണ്. പുറത്തിറങ്ങാൻ ആളുകൾ ഭയക്കുന്നു.
കടുവവിളമനയിൽത്തന്നെ
തിങ്കളാഴ്ച പുലർച്ചെ കാൽപാട് കണ്ടെത്തിയ വിളമന മേഖലയിൽ തന്നെ കടുവ തുടരുന്നതായാണു നിഗമനം. ഇവിടെ പതുങ്ങിയിരിക്കാൻ സാധിക്കുന്ന വിധം കാടുപിടിച്ച ഏക്കർക്കണക്കിനു സ്ഥലമുണ്ട്. ഈ ഭാഗത്തു നിന്ന് ഇന്നലെ പുലർച്ചെ 2.15 ന് കടുവയുടേതെന്നു സംശയിക്കുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
പായം പഞ്ചായത്ത് അംഗം ബിജു കോങ്ങാടന്റെ നേതൃത്വത്തിൽ 4 വാഹനങ്ങളിലായി നാട്ടുകാരും 3 വാഹനങ്ങളിൽ വനപാലകരും പൊലീസും രാത്രി മുഴുവൻ പ്രദേശത്ത് ക്യാംപ് ചെയ്തു. കടുവയുടെ അലർച്ച കേട്ട ഭാഗത്തു പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.പെരിങ്കരിയിൽ ജനവാസ മേഖലയിലെ ആണിത്തോട്ടിൽ മൃഗത്തിന്റെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കാട്ടുപന്നിയുടേതാണെന്നു സ്ഥിരീകരിച്ചു.
ആരോഗ്യമുള്ള കടുവ
6 ദിവസത്തിനിടെ 20 കിലോമീറ്ററിൽ അധികം ദൂരം കടുവ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ വളർത്തു മൃഗങ്ങളെ പിടികൂടാനോ, ആരെയും ഉപദ്രവിക്കാനോ തയാറാകാത്ത സാഹചര്യത്തിൽ ആരോഗ്യവാനായ കടുവ തന്നെയാണ് പ്രദേശത്ത് എത്തിപ്പെട്ടതെന്നാണു വനപാലകരുടെ നിഗമനം.
കൃത്യമായ ഒരു സ്ഥലത്ത് കടുവ തമ്പടിച്ചതായി കണ്ടെത്തിയാൽ മാത്രമേ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിൽ കാര്യമുള്ളൂ. കടുവ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന നിഗമനത്തിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നീക്കം വനം വകുപ്പ് താൽക്കാലികമായി ഉപേക്ഷിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും: മന്ത്രി
ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കണ്ണൂർ ഡിഎഫ്ഒയെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും സ്ഥലം സന്ദർശിക്കണമെന്നും മന്ത്രി നിർദേശിച്ചു.