ഏഴിമലയിൽ അഡ്‌മിറൽസ് കപ്പ് പായ് വഞ്ചിയോട്ട മത്സരം
        പയ്യന്നൂർ: ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ 11–-ാമത് അഡ്‌മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരം തുടങ്ങി. ഐഎൻഎ കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ ബാൽ മത്സരം ഉദ്ഘാടനം ചെയ്‌തു. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിൽനിന്നുമുള്ള 28 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
രണ്ട് ബോട്ടുകളുടെയും സംയുക്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പിലെ ആദ്യ രണ്ട് ടീമുകൾക്ക് ‘അഡ്മിറൽ കപ്പും’ ‘റണ്ണേഴ്സ് അപ്പ് കപ്പും’ സമ്മാനിക്കും. കൂടാതെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും വിഭാഗത്തിൽ വ്യക്തിഗത മെഡലുകളും നൽകും. മത്സരം പത്തിന് സമാപിക്കും.
മത്സരത്തിന്റെ ഭാഗമായി കോയമ്പത്തൂരിലെ സെന്റർ ഫോർ ഇൻഡിജനൈസേഷൻ ആൻഡ് സെൽഫ് റിലയൻസുമായി (സിഐഎസ്ആർ) സഹകരിച്ച് ഡിഫൻസ് ടെക്‌നോളജി എക്‌സിബിഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. വൈസ് അഡ്മിറൽ പുനീത് കെ ബാൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു.
