വലിയ മനുഷ്യനാണു തരൂർ, സുധാകരൻ ചെറുപ്പക്കാർക്കൊപ്പം നിൽക്കണം: ടി.പത്മനാഭൻ

Share our post

കണ്ണൂർ : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചെറുപ്പക്കാർക്കൊപ്പം നിൽക്കണമെന്നും ശശി തരൂരിനെ പരാമർശിച്ചാണു താനിതു പറയുന്നതെന്നും കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ പുരസ്കാരം കെ.സുധാകരനിൽ‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം ടി.പത്മനാഭൻ പറഞ്ഞു. ഒരു വലിയ മനുഷ്യനാണു തരൂർ. പുരുഷാരമാണ് ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത്.അവരൊക്കെ എന്തെങ്കിലും തരത്തിൽ വ്യാമോഹമുള്ളവരല്ല. പ്രത്യേകിച്ച്, ചെറുപ്പക്കാർ. ശശിതരൂരിനെ പ്രശംസിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല. തരൂരുമായി ബന്ധപ്പെട്ട തർക്കത്തിൽ കെ.പി.സി.സി പ്രസിഡന്റ് മോശമായി ഒന്നും പറഞ്ഞിട്ടില്ല.

പടനായകനായി അദ്ദേഹം നിൽക്കണം. ചുരുങ്ങിപ്പോയ കോൺഗ്രസിന്റെ ശേഷിക്കുന്ന പച്ചത്തുരുത്താണു കേരളം. ഇവിടെ കോൺഗ്രസിന് ചെയ്തു തീർക്കാൻ പലതുമുണ്ട്.മുഖ്യമന്ത്രിയോ മന്ത്രിയോ ആകേണ്ടയാളാണു താനെന്ന് ഓരോ നേതാവും വിശ്വസിക്കുന്നു. അതാണു പ്രധാന പ്രശ്നം.അധികാരം വലിയ പ്രശ്നം തന്നെയാണ്. പ്രായമായവർക്ക് ഒന്നു മാറി നിന്നൂടെ? വീണ്ടും അഭ്യർഥിക്കുകയാണ്.’ –ടി.പത്മനാഭൻ പറഞ്ഞു. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ കഴിഞ്ഞമാസം 21ന് നടന്ന ചടങ്ങിലും ടി.പത്മനാഭൻ ശശി തരൂരിനെ പിന്തുണച്ചു പ്രസംഗിച്ചിരുന്നു.

ആരോടും എന്ത്, എപ്പോൾ, എങ്ങനെ പറയണമെന്നു വ്യക്തമായി അറിയുകയും അതു തുറന്നു പറയുകയും ചെയ്യുന്ന നിർഭയനായ എഴുത്തുകാരനാണു ടി.പത്മനാഭനെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.കേവല നേട്ടങ്ങൾക്കു വേണ്ടി, അധികാരത്തിന്റെ മുന്നിൽ തലകുനിക്കുന്ന എഴുത്തുകാരനല്ല അദ്ദേഹം. ടി.പത്മനാഭന്റെ അഭിപ്രായങ്ങൾ കേരളത്തിൽ ചലനം സൃഷ്ടിച്ചവയാണ്. വെട്ടിത്തുറന്നു പറയുന്നതിനാൽ, അദ്ദേഹത്തിന് എതിരാളികളുണ്ട്.പക്ഷേ, എതിർപ്പിനെ അദ്ദേഹം അതിജീവിക്കുന്നു.’ കെ.സുധാകരൻ പറഞ്ഞു.

കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ മതേതര സംരക്ഷണ സദസും പുരസ്കാര സമർപ്പണവുമടങ്ങിയ ചടങ്ങിൽ, സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സമിതി ജില്ലാ പ്രസിഡന്റ് കെ.ഭാസ്കരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കമ്പറ നാരായണൻ, ഡിസിസി ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ, കെ.എസ്എ.സ്പി.എ ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ഹരിഗോവിന്ദൻ, ജവഹർ ബാലമഞ്ച് ചീഫ് കോ ഓർഡിനേറ്റർ സി.വി.എ.അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!