കല്പറ്റ: മേപ്പാടി പോളിടെക്‌നിക്ക് കോളേജില്‍ തന്നെ ആക്രമിച്ചത് ലഹരിമാഫിയയുമായി ബന്ധമുള്ള വിദ്യാര്‍ഥികളാണെന്ന് എസ്.എഫ്.ഐ. നേതാവ് അപര്‍ണ ഗൗരി. ലഹരി ഉപയോഗത്തിനെതിരേ നിലപാട് സ്വീകരിച്ചതിനാണ് തന്നെ ആക്രമിച്ചതെന്നും അനുമതിയോടെയാണ് കാമ്പസില്‍ പ്രവേശിച്ചതെന്നും എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അപര്‍ണ പ്രതികരിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ അപര്‍ണ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
”പോലീസിന് അവരെ കാണിച്ചുകൊടുത്തതിന്റെ ഭാഗമായാണ് ആക്രമിച്ചത്. തലേദിവസവും അവര്‍ എന്നോട് സംസാരിക്കുന്നതിന്റെ വീഡിയോ ഉണ്ട്. അന്ന് എന്താണ് നിങ്ങളുടെ പ്രശ്‌നം, തുറന്നുപറയൂ എന്ന് അവരോട് ചോദിച്ചിരുന്നു. എസ്.എഫ്.ഐ. ആണോ നിങ്ങളുടെ പ്രശ്‌നമെന്നും ചോദിച്ചു. അപ്പോള്‍ എസ്.എഫ്.ഐ അല്ല പ്രശ്‌നമെന്നും നിങ്ങള്‍ ഇതിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതാണ് പ്രശ്‌നമെന്നുമായിരുന്നു അവരുടെ മറുപടി.
തിരഞ്ഞെടുപ്പ് ചുമതലയുടെ ഭാഗമായിട്ടാണ് മേപ്പാടി പോളിയില്‍ പോയത്. ഭക്ഷണം കഴിക്കാനായി പോലീസുകാരുടെ അനുമതി വാങ്ങിയാണ് കാമ്പസിനുള്ളില്‍ കയറിയത്. ഞാനും അനിയനും കൂടെയാണ് ഭക്ഷണം കഴിച്ചത്. അവന്‍ കൈ കഴുകാന്‍ വെള്ളം എടുക്കാന്‍ പോയസമയത്താണ് പെട്ടെന്നൊരു ആക്രമണം നടത്തിയത്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞപ്പോഴും അവര്‍ ആക്രമിച്ചു. അപ്പോഴും പറഞ്ഞതല്ലേ അപര്‍ണേച്ചി ഞങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ട എന്നൊക്കെ പറഞ്ഞായിരുന്നു ആക്രമണം.”- അപര്‍ണ പറഞ്ഞു. ഇത്തവണ കോളേജില്‍ ചെയര്‍മാനായി ജയിച്ചയാള്‍ കഞ്ചാവ് ചെടി കോളേജിന്റെ മുന്നില്‍ നട്ടുവളര്‍ത്തിയിട്ട് ഇത് ഞങ്ങളുടെ കോളേജിന്റെ വിജയം എന്നുപറഞ്ഞുള്ള വീഡിയോയുണ്ടെന്നും അപര്‍ണ ആരോപിച്ചു.
അതിനിടെ, കഴിഞ്ഞദിവസം കോളേജിലെ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വാടകവീടുകളില്‍ പോലീസ് സംഘം റെയ്ഡ് നടത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നാലു വിദ്യാര്‍ഥികളുടെയും ഇവരുടെ സുഹൃത്തുക്കളും താമസിച്ചിരുന്ന വാടകവീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. താഞ്ഞിലോട്, കടൂര്‍, അമ്പലക്കുന്ന് എന്നിവിടങ്ങളിലായി അഞ്ചു വീടുകളിലായിരുന്നു റെയ്ഡ്.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.യും നര്‍ക്കോട്ടിക് സെല്ലിന്റെ ചുമതലയും വഹിക്കുന്ന എന്‍.ഒ. സിബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോളേജിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കോളേജിലെ ‘ട്രാബിയോക്ക്’ എന്ന കൂട്ടായ്മയില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡെന്നും പരിശോധനയില്‍ വീടുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമായെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്‍.ഒ. സിബി പറഞ്ഞു. പുകവലിക്കാനായി ഉപയോഗിക്കുന്ന രണ്ടു പാത്രങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. താഞ്ഞിലോട്ടെ വാടകവീട്ടില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്.
റിമാന്‍ഡില്‍ കഴിയുന്നവരുള്‍പ്പെടെ ലഹരി ഉപയോഗത്തില്‍ പങ്കാളികളാണെന്നും പോലീസ് പറഞ്ഞു. അമ്പലക്കുന്നിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോളേജ് ലാബുകളില്‍ ഉപയോഗിക്കുന്ന ഒരു ഫങ്ഷണല്‍ ജനറേറ്ററും പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ജനറേറ്റര്‍ കോളേജില്‍നിന്ന് മോഷണംപോയതാണെന്നും വ്യക്തമായി. ജനറേറ്റര്‍ മോഷ്ടിച്ചതിന് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്കുനേരെ കേസെടുത്തു.
റെയ്ഡ് സമയം വീടുകളിലൊന്നുംതന്നെ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. വീട്ടുടമസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ലഹരി ഉപയോഗത്തിലെ കണ്ണികളെ നിരീക്ഷിക്കുമെന്നും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു. ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ അറ്റന്‍ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) അംഗങ്ങളും മേപ്പാടി, സുല്‍ത്താന്‍ബത്തേരി പോലീസും റെയ്ഡില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എ.ബി. വിമല്‍, എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരി എന്നിവരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനുപിന്നാലെയാണ് വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍സഹിതം പുറത്തുവന്നത്.
എസ്.എഫ്.ഐ.യുടേത് തോല്‍വി മറയ്ക്കാനുള്ള വ്യാജപ്രചാരണം
കല്പറ്റ: മേപ്പാടി പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി മറയ്ക്കാന്‍ എസ്.എഫ്.ഐ. വ്യാജപ്രചാരണം നടത്തുകയാണെന്ന് കെ.എസ്.യു. ജില്ലാസെക്രട്ടറി അഡ്വ. ഗൗതം ഗോകുല്‍ദാസ്, എം.എസ്.എഫ്. ജില്ലാസെക്രട്ടറി പി.എം. റിന്‍ഷാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാമ്പസില്‍ ലഹരിയുടെ കണ്ണികള്‍ക്ക് നേതൃത്വംനല്‍കുന്നത് എസ്.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ്. കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്.
എസ്.എഫ്.ഐ.യിലെതന്നെ മറ്റുപ്രവര്‍ത്തകരും ലഹരി ഉപയോഗിക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. എസ്.എഫ്.ഐ.യുടെതന്നെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിന്റെഭാഗമായി ഉടലെടുത്ത സംഘര്‍ഷവും ഇല്ലാക്കഥകളും മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിന്റെ തിരക്കിലാണ് നേതാക്കളെന്നും ഇവര്‍ ആരോപിച്ചു.
വനിതാനേതാവിന് മര്‍ദനമേറ്റ വിഷയത്തിലും എം.എസ്.എഫ്.-കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് പങ്കില്ല. തിരഞ്ഞെടുപ്പ് ദിവസം ഓരോ സംഘടനയെയും പ്രതിനിധീകരിച്ച് പുറമേനിന്ന് മൂന്നുപേര്‍ക്ക് കാമ്പസിന് പുറത്തുനില്‍ക്കാമെന്നും അവര്‍ക്കും കാമ്പസിനകത്തേക്ക് പ്രവേശനമില്ലെന്നും പോലീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചതാണ്.
എന്നാല്‍, ഇത് ലംഘിച്ചുകൊണ്ട് അന്‍പതോളം എസ്.എഫ്.ഐ.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി കാമ്പസിനുപുറത്ത് സംഘടിക്കുകയും ചില എസ്.എഫ്.ഐ. നേതാക്കള്‍ കാമ്പസിനകത്ത് കയറി പ്രശ്നമുണ്ടാക്കിയെന്നും ഇതാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്നും ഇരുവരും പറഞ്ഞു. പോലീസ് ഏകപക്ഷീയമായി എം.എസ്.എഫ്.-കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചു. എസ്.എഫ്.ഐ.ക്കാര്‍ മെനയുന്ന ഇല്ലാക്കഥകളെ ഏതുവിധേനയും നേരിടുമെന്നും ഇരുവരും പറഞ്ഞു.
മേപ്പാടിയില്‍ സി.പി.എം.പ്രതിഷേധക്കൂട്ടായ്മ
മേപ്പാടി: എസ്.എഫ്.ഐ. നേതാവ് അപര്‍ണ ഗൗരിയെ വധിക്കാന്‍ ശ്രമിച്ച ലഹരിമാഫിയക്ക് യു.ഡി.എഫ്. പിന്തുണ നല്‍കിയെന്നാരോപിച്ച് സി.പി.എം. മേപ്പാടിയില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി. ലഹരിസംഘത്തെ തള്ളിപ്പറയുന്നതിനുപകരം അവര്‍ക്ക് പിന്തുണനല്‍കുകയാണ് യു.ഡി.എഫും കല്പറ്റ എം.എല്‍.എയും ചെയ്യുന്നതെന്ന് സി.പി.എം. ആരോപിച്ചു.
പൊതുയോഗം സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സഹദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി. ഹാരിസ്, ജോബിന്‍സണ്‍ ജെയിംസ്, കെ, വിനോദ്, കെ, ബൈജു എന്നിവര്‍ സംസാരിച്ചു.