തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്‌സംഗം ചെയ‌്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ജീവപര്യന്ത്യം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ പ്രതികൾ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.വിവിധ വകുപ്പുകൾ ചേർത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (A) പ്രകാരമാണ് വിധിച്ചിട്ടുള്ളത്.
ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികൾ ഒടുക്കണം. ഇരയ‌്ക്ക് നഷ്‌ടപരിഹാരം നൽകുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗൽ സർവീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നൽകേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടർ മോഹൻരാജ് പ്രതികരിച്ചു.ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് ലാത്വിയൻ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റിൽ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാൽ കുറ്റബോധമില്ലെന്നും കുടുംബങ്ങൾ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ അറിയിച്ചു.ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമാണ്.
എന്നാൽ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ പ്രതികൾക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ജീവിക്കാൻ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയിൽ പറഞ്ഞു. പോലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്‌തിട്ടില്ലെന്നും ഉദയകുമാറും വാദിച്ചു.രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു.
സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. 376 (എ) (ബലാൽസംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാൽസംഗം) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞപ്പോൾ വെവ്വേറെ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. ഒരു മാസത്തിനുശേഷം വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.