കേന്ദ്രാനുമതി ലഭിച്ചാല്‍ കെ-റെയിലുമായി മുന്നോട്ട്; ധനമന്ത്രി സഭയില്‍

Share our post

കേന്ദ്ര അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍. കേരളത്തില്‍ വേഗം കൂടിയ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികള്‍ മുടക്കി മുന്നൊരുക്കങ്ങള്‍ നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചു.

സര്‍ക്കാര്‍ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോള്‍ നിലവില്‍ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നല്‍കി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് മുന്‍മ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎന്‍ ബാലഗോപാല്‍ നല്‍കുന്ന വിശദീകരണം.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമില്ല. എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളം സാമ്പത്തികമായി തകര്‍ന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേരളത്തേക്കാള്‍ തകര്‍ന്ന നാലു സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് നമ്മള്‍ മെച്ചമാണെന്ന് വേണമെങ്കില്‍ പറയാമെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

സംസ്ഥാനത്ത് ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിതാണെന്നും രമേശ് ചെന്നിത്തലയും തുറന്നടിച്ചു. ഇതിന് മറുപടി നല്‍കിയ മന്ത്രി, സംസ്ഥാനത്തിന്റെ കരുത്ത് രാഷ്ട്രീയ അടിസ്ഥാനത്തില്‍ കുറച്ചു കാണരുതെന്ന് നിര്‍ദ്ദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!