ആ കണ്ണീർ ചിത്രത്തിലെ അപ്പു `മിസ്റ്റർ ആലപ്പി’ മത്സരത്തിന്

Share our post

ആലപ്പുഴ: ഇരുകാലുകളും ഒരു കൈയുമില്ലാത്ത കുട്ടിയെ ഒക്കത്തിരുത്തി ഒറ്റത്തടി തെങ്ങുപാലത്തിലൂടെ വിഷമിച്ചു നീങ്ങുന്ന പിതാവ് പുഷ്‌കരൻ. വെപ്പുകാലും കൈയിലേന്തി മാതാവ് ശ്യാമള പിന്നാലെ. പതിറ്റാണ്ടുമുമ്പ് ‘കേരളകൗമുദി’ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലെ കുട്ടിയെ ഇപ്പോൾ കാണണമെങ്കിൽ ശരീരസൗന്ദര്യ മത്സരത്തിന് യുവാക്കൾ തയ്യാറെടുക്കുന്ന ജിംനേഷ്യത്തിലെത്തണം.

വയസ് 23 ആയി. അമ്പലപ്പുഴ മുരളി ജിംനേഷ്യത്തിലേക്കുള്ള 59 ചവിട്ടുപടികൾ വെപ്പുകാലുകളിൽ പരസഹായമില്ലാതെ കയറിവരുന്ന അപ്പു കടുത്ത പരിശീലനത്തിലാണ്.അമ്പലപ്പുഴ ഗവ.കോളേജിൽ നിന്ന് ബിരുദമെടുത്തതിനു പിന്നാലെയായിരുന്നു ജിംനേഷ്യത്തിൽ പോകാനുള്ള തീരുമാനം. നിന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒരു ജിംനേഷ്യത്തിൽ നിന്ന് ഇറക്കിവിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. അപ്പുവിന്റെ ദൃഢനിശ്ചയം തിരിച്ചറിഞ്ഞ മുരളി ജിമ്മിലെ വിഷ്ണു ദൗത്യം ഏറ്റെടുത്തു.

ഈ മാസം 11ന് നടക്കുന്ന മിസ്‌റ്റർ ആലപ്പി മത്സരത്തിൽ പോരാളിയായി അപ്പു മുന്നിലുണ്ടാകും.ശബ്ദമില്ലാത്ത കുട്ടിക്കാലംഅമ്പലപ്പുഴ കരൂർ സ്വദേശിയായ അപ്പുവിന് ജന്മനാ വലതുകൈയും ചുണ്ടുമില്ലായിരുന്നു. ഒപ്പം ശബ്ദ വൈകല്യവും. രണ്ടു വയസ് പിന്നിട്ടപ്പോൾ മുട്ടിനു താഴെ പഴുപ്പ് ബാധിച്ച് ഇരുകാലും മുറിച്ചുമാറ്റി. പിന്നീട് ചുണ്ട് വച്ചുപിടിപ്പിച്ചു. മറ്റൊരു ശസ്‌ത്രക്രിയയിലൂടെ ശബ്ദത്തിനും മാറ്റമുണ്ടായി. ഒന്നിനും കൊള്ളാത്തവനെന്ന പരിഹാസമേറ്റ് ആരോടും മിണ്ടാതെ ഏകനായി കഴിഞ്ഞ നാളുകൾ.

ജീവിതം കിടക്കയിൽ മാത്രമായി അവസാനിക്കുമെന്ന് കരുതിയ കാലം.അവിടെനിന്നാണ് അപ്പു ഇവിടെയെത്തിയത്.ഇലക്ട്രിക് മുച്ചക്രവാഹനം വേണംഭിന്നശേഷിക്കാർക്കുള്ള പെൻഷനായി ലഭിക്കുന്ന 1600 രൂപയാണ് വരുമാനം. 500 രൂപ ജിമ്മിൽ നൽകും. രാവിലെയും വൈകിട്ടും ജിമ്മിലെത്തണമെങ്കിൽ 400 രൂപ ഓട്ടോക്കൂലി വേണം. പണമില്ലാത്തതിനാൽ പരിശീലനം വൈകിട്ടു മാത്രമാക്കി. സ്കൂളിൽ താത്കാലിക തൂപ്പുകാരിയായ അമ്മയാണ് എല്ലാത്തിനും ആശ്രയം.

അച്‌ഛൻ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സഹോദരിയുടെ വിവാഹത്തിനായി ബാങ്കിൽ ആധാരം പണയപ്പെടുത്തിയെടുത്ത വായ്പ അടച്ചുതീർന്നിട്ടില്ല. ഇലക്‌ട്രിക് മുച്ചക്ര വാഹനം സംഘടിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് അനിമേഷൻ വിദ്യാർത്ഥി കൂടിയായ അപ്പു. അതിന് അര ലക്ഷം രൂപവേണം. കേടുപാടുകൾ സംഭവിച്ചതിനാൽ വെപ്പുകാലുകളും മാറ്റി വാങ്ങണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!