വിഴിഞ്ഞം സംഘർഷം, സമവായ ചർച്ച ഇന്ന് വൈകിട്ട് 5.30ന്, മന്ത്രിതല സമിതി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തും

Share our post

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. ഇതിന് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രിതല സമിതി സമരസമിതിയുമായി ചർച്ച നടത്തും.സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സമിതിവേണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സമിതിയിൽ സർക്കാരിന്റെ പ്രതിനിധിയ്ക്കൊപ്പം സമരസമിതിയുടെ പ്രതിനിധിയും ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. ഇന്ന് നടക്കുന്ന മന്ത്രിതല ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രി സമരസമിതിയെ കാണുമെന്നാണ് വിവരം.കർദിനാൾ ക്ളിമിസ് ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ളിമിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.തീരശോഷണത്തെ തുടർന്ന് വാടകവീട്ടിൽ കഴിയുന്നവർക്ക് അനുവദിച്ച വാടകതുക 5500ൽ നിന്നും 7000 ആക്കി ഉയർത്തണം, പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസ് എന്നിവയടക്കം ചർച്ചയായി.

ഇക്കാര്യങ്ങൾ മുഖ്യമന്ത്രി മന്ത്രിമാരെ ധരിപ്പിക്കും. അതിന് ശേഷമാകും സർക്കാർ തലത്തിൽ തീരമാനം കൈക്കൊള്ളുക.സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞം സന്ദർശിക്കുകയാണ്. ബിഷപ്പ് ഡോ സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർത്തഡോക്‌‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലു‌‌ള്ളത്.

ഇവർ സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സന്ദർശിക്കും.അതേസമയം, സമാധാന സംഘത്തിന്റെ ശ്രമങ്ങളോട് പ്രാദേശിക ജനകീയ കൂട്ടായ്‌മ എതിർപ്പ് അറിയിച്ചു.സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് വിഴിഞ്ഞം തുറമുഖത്തെ പിന്തുണയ്ക്കുന്ന കൂട്ടായ്‌മയായ ഇവർ ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!