വിദ്യാരംഗം ജില്ലാ സർഗോത്സവം ഏഴ്, എട്ട് തീയതികളിൽ കടന്നപ്പള്ളിയിൽ

വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂർ റവന്യൂ ജില്ലാതല സർഗോത്സവം ഡിസംബർ ഏഴ്, എട്ട് തീയതികളിൽ കടന്നപ്പള്ളി യുപി സ്‌കൂളിൽ നടക്കും. മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിക്കും. ഏഴ് ഇനങ്ങളിലായി നടക്കുന്ന ശിൽപശാലകളിൽ 15 ഉപജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 420 വിദ്യാർഥികൾ പങ്കെടുക്കും.
നാടൻപാട്ട്, അഭിനയ ശിൽപശാലകൾ ഏഴിന് വൈകിട്ട് തുടങ്ങി എട്ടാം തീയതി വൈകിട്ട് വരെ തുടരും. ഏഴിന് രാത്രി ഫോക് ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ഗോത്രപ്പെരുമ രാവണീശ്വരം അവതരിപ്പിക്കുന്ന ഗോത്രകലാമേള അരങ്ങേറും. രചന ശിൽപശാലകൾ എട്ടാം തീയതി രാവിലെ 10 മണിക്ക് തുടങ്ങും. ഉദ്ഘാടന സമ്മേളനത്തിൽ ജനപ്രതിനിധികളും സാഹിത്യ സാംസ്‌കാരിക നായകരും പങ്കെടുക്കും.
എട്ടിന് രാവിലെ സാഹിത്യ സദസ്സ് കഥാകൃത്ത് ടി. പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. കവി സി. എം. വിനയചന്ദ്രൻ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി. സുലജ ഉദ്ഘാടനം ചെയ്യും.