മൂന്നാംപാലത്ത് കടകൾ ഉയരും; പാലത്തിനൊപ്പമെത്താൻ

കാടാച്ചിറ; പുതുതായി നിർമിക്കുന്ന പാലത്തിന് സമാന്തരമായി കടകൾ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തുന്നത് മൂന്നാംപാലത്ത് വേറിട്ട കാഴ്‌ചയാകുന്നു. പഴയപാലത്തിൽനിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. ഇതുകാരണം ഇരുവശത്തെയും കടകൾ പാലത്തിൽനിന്ന് വളരെയധികം താഴെയായി. കടകളിലേക്ക് കയറാനും ഇറങ്ങാനും പ്രയാസം. പത്തിലധികം കടകൾ ഇരുഭാഗത്തുമുണ്ട്.
പല കടകളും തുറക്കാൻ പറ്റാത്ത അവസ്ഥ. ഇത് പരിഹരിക്കാനാണ് കടകൾ ഉയർത്തുന്നത്. സിമന്റ് കടയാണ് ഇപ്പോൾ ഉയർത്തിയത്. കെട്ടിടത്തിന്റെ അടിയിൽ ഇരുമ്പുകൊണ്ട് ഒരു ബെൽറ്റ് ആദ്യം നിർമിക്കും. തുടർന്ന് ജാക്കി വച്ചാണ് കെട്ടിടം ഉയർത്തുന്നത്. ഏറ്റവും അടിയിൽ തറ നിർമിക്കുന്നുമുണ്ട്.
കെട്ടിടം പണി തീരാൻ ഒരു മാസത്തോമെടുക്കും. കെട്ടിടം ഉയർത്തും തോറും അടിയിൽ കോൺക്രീറ്റ് കട്ട സ്ഥാപിക്കും. കെട്ടിടത്തിന്റെ ബലത്തിനോ സുരക്ഷയ്ക്കോ ഒരു കോട്ടവും സംഭവിക്കില്ലെന്ന് നിർമാതാക്കൾ പറയുന്നു. ഏഴടി ഉയരത്തിലാണ് കെട്ടിടം ഉയർത്തുന്നത്. വീടുകളും ഇത്തരത്തിൽ ഉയർത്തുന്നുണ്ട്. ഒരു ചതുരശ്ര അടിക്ക് 200 രൂപ പ്രകാരമാണ് വാങ്ങുന്നത്. ഒരു ദിവസം ഒരു അടിയോളം കെട്ടിടം ഉയർത്തും. റോഡിനേക്കാൾ ഒരടി ഉയരത്തിലാണ് കെട്ടിടം പുനസ്ഥാപിക്കുന്നത്.