വരൂ നെല്ലിയാമ്പതിയിലെ മഞ്ഞിലൊഴുകാം

Share our post

പാലക്കാട്: മഞ്ഞിൽക്കുളിച്ച് മലമുകളിൽ നിന്നുള്ള കാഴ്ചകളും കണ്ട് അവധി ആഘോഷമാക്കിയാലോ…തണുപ്പിൽമുങ്ങിയ വന്യതയും തേയിലത്തോട്ടങ്ങളുമായി സഞ്ചാരികളെ വിളിക്കുകയാണ് നെല്ലിയാമ്പതി. പോത്തുണ്ടിയിൽനിന്ന് ചുരം കയറുമ്പോൾ മുതൽ തണുത്തകാറ്റ് സഞ്ചാരികളെ സ്വീകരിക്കും. വഴിനീളെ പാലക്കാടൻ സമതലങ്ങളും നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പും ഉയരങ്ങളിൽനിന്ന്‌ കാണാം. നവംബർ അവസാനവാരത്തോടെ സഞ്ചാരികളുടെ ഒഴുക്ക്‌ തുടങ്ങി.

നെല്ലിയാമ്പതി ടൗണിൽ സഞ്ചാരികളെ സ്ഥലങ്ങൾ കാണിക്കാൻ വിവിധ പാക്കേജുകളുമായി ടൂർ ഗൈഡുകളും സജീവം. 1,000 മുതൽ 1,800 രൂപവരെയാണ് ജീപ്പുകൾക്ക് വാടക. റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിങ് ചാകരയാണ്. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാൻപാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ–-ലില്ലി തേയിലത്തോട്ടങ്ങൾ തുടങ്ങി നെല്ലിയാമ്പതിയുടെ കുളിരുള്ള കാഴ്ചകൾ ഓരോന്നും കണ്ടിറങ്ങാം. ആനയും മലമുഴക്കി വേഴാമ്പലും മാനും കാട്ടുപോത്തും മലയണ്ണാനുമൊക്കെയാണ് ഫോട്ടോഗ്രാഫർമാരുടെ പ്രതീക്ഷ. പക്ഷി നിരീക്ഷകരുടെ പറുദീസയാണ് തോട്ടങ്ങൾ. തമിഴ്, മലയാളം സിനിമകളുടെ സ്ഥിരം ലൊക്കേഷനാണ് നെല്ലിയാമ്പതി.

ശനി, ഞായർ ദിവസങ്ങളിൽ നെല്ലിയാമ്പതിയിലേക്ക്‌ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി യാത്ര നടത്തുന്നു. കൊല്ലങ്കോടിന്റെ ഭൂരിഭാഗവും കണ്ടാസ്വദിക്കാനുള്ള വ്യൂപോയന്റായ സീതാർകുണ്ടിൽ ഇത്തവണ സുരക്ഷ കൂട്ടിയിട്ടുണ്ട്. 2020 ഡിസംബറിൽ നെല്ലിയാമ്പതി കാണാനെത്തിയ രണ്ട്‌ യുവാക്കൾ വ്യൂപോയിന്റിൽനിന്ന് കൊക്കയിലേക്ക് വീണ്‌ ഒരാൾ മരിച്ചു. ഇതോടെയാണ് പ്രദേശത്ത് സംരക്ഷണ വേലി കെട്ടിയത്‌. പ്രളയത്തിൽ തകർന്ന കുണ്ടറച്ചോല പാലമുൾപ്പെടെയുള്ള റോഡുകൾ നവീകരിച്ചത് യാത്ര സുഗമമാക്കും. ശനി, ഞായർ ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് പട്രോളിങ് ഉണ്ട്.

കാണാം വരയാടുകളെയും

കൊല്ലങ്കോട്: നെല്ലിയാമ്പതി വനമേഖലകളിൽ എത്തുന്ന വരയാടുകളുടെ എണ്ണം വർധിച്ചു. സീതാർകുണ്ട്, മിന്നാംപാറ, കേശവൻപാറ ഭാഗങ്ങളിലും പതിനാലാം മൈൽ വ്യൂ പോയിന്റിന് സമീപം ഗോവിന്ദ മലയിലുമാണ്‌ ഇവ കൂടുതലായി എത്തുന്നത്‌. മുൻകാലങ്ങളിൽ അപൂർവമായാണ്‌ വരയാടുകൾ എത്തിയിരുന്നത്‌. സീതാർകുണ്ട് ഭാഗത്ത്‌ ഇവ കൂട്ടത്തോടെ എത്തുന്നത്‌ കാണാൻ വൻതിരക്കാണ്‌. എന്നാൽ ആളുകളെ കാണുമ്പോൾ വരയാടുകൾ ഓടി ഒളിക്കാറാണ്‌ പതിവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!