Connect with us

Breaking News

പ്രകാശം പരത്തി ഇന്നും; മനുഷ്യ മനസ്സുകളെ ഉഴുതു മറിച്ച നാടകത്തിന്‌ എഴുപത്‌ വയസ്‌

Published

on

Share our post

1952 ഡിസംബർ 6. ചവറ തട്ടാശേരി മൈതാനത്തുള്ള ഓലമേഞ്ഞ സുദർശനാ ടാക്കീസ്‌. ദീപങ്ങൾ മങ്ങി…. എന്ന കെപിഎസിയുടെ അവതരണഗാനമുയരുന്നു. ഒപ്പം തിരശ്ശീലയും. അവിടെ ഒരു ചരിത്രം രചിക്കപ്പെടുകയാണ്‌. ജനകോടികളെ പ്രകമ്പിതരും പ്രചോദിതരുമാക്കിയ അതുല്യ കലാസൃഷ്ടിയായ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ ആദ്യ അവതരണം.

കേരളത്തിലെ കമ്യൂണിസ്‌റ്റുപ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും കുതിപ്പിനും പരിപാകമാകുംവിധം മനുഷ്യമനസ്സുകളെ ഉഴുതുമറിച്ച നാടകത്തിന്‌ എഴുപതു വയസ്സാകുന്നു. കേരളത്തിൽ നിലനിന്ന ജാതിവ്യവസ്ഥയും അതിൽ അധിഷ്ഠിതമായ ചൂഷണവ്യവസ്ഥയും അതിജീവിച്ച്‌ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കുന്ന പ്രമേയവുമായി നാടകം പതിനായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു. ഓരോ അവതരണത്തിനുശേഷവും അധ്വാനിക്കുന്ന മനുഷ്യർ നല്ല നാളെയുടെ ചെങ്കൊടിവാഹകരായി മുദ്രാവാക്യം വിളികളിലൂടെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു ആ നാടകം.

നാടകം ജനിക്കുന്നു

പോരാട്ടങ്ങളുടെ വിളനിലമായിരുന്ന ആലപ്പുഴ വള്ളികുന്നത്തു ജനിച്ച തോപ്പിൽ ഭാസി ഒളിവുജീവിതത്തിനിടയിലാണ്‌ നാടകം രചിക്കുന്നത്‌. കമ്യൂണിസ്‌റ്റു നേതാക്കളായ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമൊന്നിച്ചുള്ള ചെറുപ്പകാലമാണ്‌ കേരളത്തിൽ നിലനിന്ന അനീതിനിറഞ്ഞ വ്യവസ്ഥയെക്കുറിച്ചും പാവങ്ങളുടെയും അധഃസ്ഥിതരുടെയും നരകതുല്യമായ ജീവിതത്തെക്കുറിച്ചും തോപ്പിൽ ഭാസിക്കു മനസ്സിലാക്കിക്കൊടുത്തത്‌. കമ്യൂണിസ്‌റ്റു പാർടിയുടെ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ശൂരനാട്‌ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട 26 പേരിൽ സ്ഥലത്തില്ലാതിരുന്ന തോപ്പിൽ ഭാസിയുമുണ്ടായിരുന്നു.

സംഭവത്തെ തുടർന്ന്‌ പാർടിയെ നിരോധിച്ചു. തോപ്പിൽ ഭാസി ഒളിവിലായി. കീഴാളരുടെയും പട്ടിണിപ്പാവങ്ങളുടെയും വീടുകളായിരുന്നു ഒളിവുകേന്ദ്രങ്ങൾ. മനുഷ്യജീവിതത്തിന്റെ ദൈന്യവും പാവപ്പെട്ടവന്റെ ജീവിതദുരിതങ്ങളും ഈ കാലഘട്ടത്തിൽ ഭാസി അനുഭവിച്ചറിഞ്ഞു. നാടകത്തിൽ പണ്ടേ അഭിരുചിയുണ്ടായിരുന്ന ഭാസി അതിലൂടെ തന്റെ പ്രതിഷേധവും സന്ദേശവും പ്രകാശിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ചാത്തൻ പുലയനും ജന്മിത്തമ്പുരാനും തമ്മിലുള്ള സംഘർഷം പ്രമേയമാക്കി ‘ മുന്നേറ്റം’ എന്ന നാടകം രചിച്ചു.
ഭാസിക്ക്‌ നാടകം അച്ചടിച്ചുകാണണമെന്നു മോഹം.

ഒളിവിലിരിക്കെ തോപ്പിൽ ഭാസിയും ശങ്കരനാരായണൻ തമ്പിയുംകൂടി പൊരിവെയിലത്ത്‌ ‘മുന്നേറ്റ’ത്തിന്റെ കൈയെഴുത്തുപ്രതിയുമായി ചവറയിലെ ഒ എൻ വിയുടെ വീട്ടിൽചെന്നു. അന്ന്‌ ഒ എൻ വി കൊല്ലം എസ്‌എൻ കോളേജിലെ വിദ്യാർഥി. അങ്ങനെ, പികെ ശിവശങ്കരപിള്ള തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ വിശ്വകേരള’ത്തിലൂടെ ഒ എൻ വിയുടെ താൽപ്പര്യത്തിൽ ‘മുന്നേറ്റത്തി’നു മഷിപുരണ്ടു. നാടകക്കാരന്റെ തൂലികാനാമം ‘സോമൻ’.

പിന്നീട്‌ ആ ഏകാങ്കം കുറച്ചുകൂടി വികസിപ്പിക്കാൻ ഭാസി തീരുമാനിച്ചു. നാടകത്തിനു പുതിയ പേരായി–- നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി.
ശൂരനാട്‌ കേസിലെ പ്രതികൾക്ക്‌ കേസു നടത്താൻ രൂപീകരിച്ച ഡിഫെൻസ്‌ കമ്മിറ്റിക്കു പണം സമാഹരിക്കാൻ നാടകം പിന്നീട്‌ പുസ്‌തകമായി പ്രസിദ്ധീകരിച്ചു. അലൈഡ്‌ ഏജൻസീസായിരുന്നു പ്രസാധകർ. നാടകത്തിനുവേണ്ടി ഒ എൻ വി രചിച്ച രണ്ടു പാട്ടും പുസ്‌തകത്തിൽ ചേർത്തു.
അനുവാചകരുടെ മനസ്സറിഞ്ഞ്‌
നാടകം കണ്ടുകഴിഞ്ഞ് ആളുകൾ എഴുതി അയക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം ഗൗരവപൂർവം പരിഗണിച്ച്, ആവശ്യമെന്നു കണ്ട മാറ്റങ്ങൾ നാടകത്തിൽ കൊണ്ടുവരാൻ കെപിഎസി ഭാരവാഹികൾ ശ്രദ്ധിച്ചിരുന്നു. തോപ്പിൽ ഭാസി എഴുതി: “”ഈ നാടകം സ്റ്റേജിനു വേണ്ടി സംവിധാനം ചെയ്തപ്പോൾ രാജനും കുറുപ്പുചേട്ടനും വരുത്തിയ മാറ്റങ്ങൾ കൂടാതെ, ഈ നാടകം അഭിനയിച്ചിട്ടുള്ള ഓരോ ആളും ഇതിനു വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.

അതിൽ എടുത്തു പറയേണ്ട ഒരു പേര് കാമ്പിശ്ശേരിയുടേതാണ്. ഇതും കൂടാതെ, ഈ നാടകത്തെ വിമർശിച്ചിട്ടുള്ള ഒട്ടധികം വിമർശകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലും വളരെയധികം തിരുത്തലുകൾ കെപിഎസി ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ രംഗത്തിരുന്നു കൊണ്ട് ചില ആളുകൾ വിളിച്ചുപറയുന്ന ചില വാക്കുകളും വാചകങ്ങളും വരെ പ്രസക്തമെന്നു തോന്നുകയാൽ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.’
നാടകത്തെപ്പറ്റി ഒ എൻ വി
നാടകത്തിന്റെ ആദ്യദിനത്തെക്കുറിച്ച് ഒ. എൻ. വി ‘പോക്കുവെയിൽ മണ്ണിൽ എഴുതിയത്’ എന്ന ഓർമപ്പുസ്തകത്തിൽ ഇങ്ങനെ എഴുതി: “1952 ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബർ രാത്രിയിൽ എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരി മൈതാനത്തെ സുദർശൻ ടാക്കീസ് നിന്നിരുന്നിടത്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരൻ എംഎൽഎ എന്ന ചെറുപ്പക്കാരൻ മധ്യതിരുവിതാംകൂറിലെ ഒരു തകർന്ന തറവാട്ടിലെ വയസ്സൻ കാരണവരെ പുനഃസൃഷ്ടിച്ചു. വിശ്വസ്ത സേവകനായ പപ്പുവായി ഒ മാധവൻ സൂക്ഷ്മാഭിനയം കൊണ്ടു.

സുധർമ്മയുടെ ‘നീലക്കുരുവി…’ പാടിക്കൊണ്ടും, ഒരു പച്ചമരച്ചീനി കൊത്തിയരിഞ്ഞു കൊണ്ടുമുള്ള ആ വരവും, തോപ്പിൽ കൃഷ്ണപിള്ളയുടെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന തലപ്പുലയന്റെ അതുല്യാഭിനയവും കെ എസ് ജോർജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികൾ പ്രതീക്ഷിച്ചതിനപ്പുറമുള്ള നിലവാരത്തിലേക്ക് ആ നാടകമുയർന്നു. യവനിക ഉയരുമ്പോഴുള്ള ‘ദീപങ്ങൾ മങ്ങി’ മുതൽ അവസാനത്തെ പാട്ടുവരെ അത്യപൂർവമായ ശ്രദ്ധകൊണ്ട് ജനങ്ങളാദരിച്ചു. എതിർക്കാനും കൊട്ടക തന്നെ പൊളിക്കാനും വന്നവർ നാടകത്തിൽ മുഴുകിയിരുന്നു.

മധ്യതിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ആ നാടകം. തകർന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്തദുരിതങ്ങളിൽനിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നുപോകുമ്പോൾ നിലാവിന് തെളിച്ചമേറുന്നതായി തോന്നി.”
തിരശ്ശീലയ്‌ക്കു പിന്നിൽ
നാടകം എൻ രാജഗോപാലൻ നായരും ജി ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഗാനങ്ങൾ ഒ എൻ വി, സംഗീത സംവിധാനം ജി ദേവരാജൻ. 1950 -ൽ ആരംഭിച്ച കെപിഎസിയുടെ രണ്ടാമത്തെ നാടകമായിരുന്നു “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്.
ഇരുപത്തഞ്ചോളം പാട്ടുകളും അഞ്ചുമണിക്കൂർ ദൈർഘ്യവുമുണ്ടായിരുന്നു ആദ്യ നാടകരൂപത്തിന്‌. ജയിൽമോചിതനായ ഭാസി, രണ്ടരമണിക്കൂർ ദൈർഘ്യത്തിൽ നാടകം മാറ്റിയെഴുതി. പാട്ടുകൾ ഏഴാക്കി ചുരുക്കി. ചെറുതും വലുതുമായ ഇരുപതോളം കഥാപാത്രങ്ങളാണ്‌ നാടകത്തിലുള്ളത്‌.
നിരോധനം
ഗവൺമെന്റിനെതിരെ ജനങ്ങളിൽ വികാരം വളർത്തുന്നുവെന്നാരോപിച്ച്‌ 1953 മാർച്ചിൽ തന്നെ നാടകം നിരോധിച്ചു. നിരോധനത്തെ അവഗണിച്ചുതന്നെ അവതരണം തുടർന്നു. കോവളത്ത് വേദിയിൽ വച്ച് എല്ലാ കലാകാരന്മാരെയും അറസ്റ്റ് ചെയ്ത് കേസെടുത്തു. നിയമയുദ്ധത്തിലൂടെ രണ്ടു മാസത്തിനുശേഷം നിരോധനം നീക്കി.
പീഡനപർവം
കെപിഎസിയുടെ വാഹനമെത്തുമ്പോൾ മുദ്രാവാക്യം വിളിച്ചാണ്‌ കർഷകരും തൊഴിലാളികളും വരവേൽക്കുക. മറുവശത്ത്‌ കമ്യൂണിസ്‌റ്റു വിരോധം തലയ്‌ക്കു പിടിച്ചവരുടെ ഗുണ്ടാവിളയാട്ടവും ആക്രമണങ്ങളും. കോൺഗ്രസുകാർ മാത്രമല്ല, പിഎസ്‌പിക്കാരും ആർഎസ്‌പിക്കാരുമെല്ലാം നാടകം തടസ്സപ്പെടുത്താൻ നിരന്തരം ശ്രമിച്ചു. കമ്യൂണിസ്‌റ്റുവിരുദ്ധരുടെ കേന്ദ്രമായ ഭരണങ്ങാനത്ത്‌ നാടകം കളിച്ചപ്പോൾ കല്ലേറിൽ കെ എസ്‌ ജോർജിന്റെ നെറ്റിപൊട്ടി. ടിക്കറ്റ്‌ എടുത്ത്‌ ഗുണ്ടകളെ നാടകഹാളിൽ കയറ്റി കൂകിക്കുകയായിരുന്നു മറ്റൊരു പരിപാടി.
കെ.പി.എസി സുലോചനയുടെ ജീവിതകഥയിൽനിന്ന്‌: കമ്യൂണിസമെന്ന അന്തിക്രിസ്തുവിനെ കുരിശിൽ തറയ്ക്കാൻ, തൃശൂർ രൂപതയിലെ ശെമ്മാശനായ ബ്രദർ ജോസഫ് വടക്കൻ ഒരു ‘ആന്റി കമ്യൂണിസ്റ്റ് ഫ്രണ്ടി’ന് രൂപം കൊടുത്തത് 1951-ലാണ്. ക്രൈസ്തവ സഭകൾ മാത്രമല്ല, മറ്റു മതങ്ങളുടെ മേധാവികളും സമുദായ സംഘടനകളുടെ നേതാക്കളുമെല്ലാം അവരുടെ ബദ്ധശത്രുവായി പ്രഖ്യാപിച്ചത് കമ്യൂണിസ്റ്റ് പാർടിയെയാണ്. വിപ്ലവകാരിയുടെ കുപ്പായമുപേക്ഷിച്ച പി .കേശവദേവും സി. ജെ. തോമസും പഴയ സഖാക്കൾക്കെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു.

അന്നത്തെ പ്രധാന മലയാള പത്രമാധ്യമങ്ങളുടെയെല്ലാം മുഖമുദ്ര തന്നെ കമ്യൂണിസ്റ്റ് വിരോധമായിരുന്നു. ഇങ്ങനെയെല്ലാമുള്ള സാഹചര്യങ്ങളിൽ, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നു പേരിട്ട ഒരു നാടകം കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല! നാടകം കളിക്കുന്ന ഓരോ സ്ഥലത്തും രാഷ്ട്രീയ എതിരാളികളും കമ്യൂണിസ്റ്റ് വിരുദ്ധരും ഏർപ്പാട് ചെയ്ത ഗുണ്ടകൾ നാടകാവതരണം അലങ്കോലമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പ്രകാശം പരത്തി ഇന്നും
ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രസക്തി നശിക്കാതെ തുടരുന്നുവെന്നതാണ്‌ ‘ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’യെ വ്യത്യസ്‌തമാക്കുന്നത്‌. ചൂഷണവും അടിച്ചമർത്തലുകളും വേഷവും രൂപവും മാറിയിട്ടേയുള്ളൂ. ജന്മിത്തത്തിന്റെയും തൊട്ടുകൂടായ്‌മയുടെയും ജാതീയമായ അടിച്ചമർത്തലുകളുടെയും അടിത്തറയായ ചാതുർവർണ്യവ്യവസ്ഥിതിയുടെ വക്താക്കൾ സമൂഹത്തിൽ മേൽക്കൈനേടാനുള്ള ശ്രമത്തിലാണ്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവന്ന്‌ കേരളീയ സമൂഹത്തെ തിരിച്ചു നടത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ്‌ ‘ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ പോലുള്ള കലാസൃഷ്ടികൾ പ്രകാശഗോപുരമാകുന്നത്‌.


Share our post

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Breaking News

തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന്‌ പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന്‌ ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന്‌ ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.

പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന്‌ ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.


Share our post
Continue Reading

Breaking News

ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Published

on

Share our post

വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!