കോവളം-ബേക്കൽ ജലപാത:അരയി-ചിത്താരി പുഴകളെ യോചിപ്പിക്കും : കൃത്രിമ കനാലിന് കിഫ്ബിയുടെ 178.15 കോടി

കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കോവളം ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി അരയി പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൃത്രിമ കനാലിനും നമ്പ്യാർക്കൽ ഭാഗത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടി 178.15 കോടിയുടെ കിഫ്ബി സഹായം. എസ്റ്റിമേറ്റിന് ഭരണാനുമതിയായി.ആകെ 44.156 ഹെക്ടർ ഭൂമിയാണ് കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നത്. ഇതിനായി ഫെയർവാല്യുവിന്റെ അടിസ്ഥാനത്തിൽ 178,15,18,655 രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.
നീലേശ്വരം കോട്ടപ്പാറയിൽ അവസാനിപ്പിച്ചിരുന്ന ജലപാത ഒന്നാം പിണറായി സർക്കാറിന്റ കാലത്താണ് ടൂറീസം കേന്ദ്രമായ ബേക്കലിലേക്ക് നീട്ടാൻ തീരുമാനിച്ചത്. സാദ്ധ്യതാപഠനത്തിൽ ഇതിന് അനുകൂലമായ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണിത്.ജലപാത കടന്നുപോകുന്ന കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂർ പഞ്ചായത്തിലെയും സ്ഥലങ്ങൾ ഇൻലാന്റ് നാവിഗേഷൻ ചീഫ് എഞ്ചിനീയർ ശ്യാം ഗോപാൽ, ഡയറക്ടർ അരുൺ ജേക്കബ്, എക്സി.എൻജിനീയർ ഷീല അലോകൻ, അസി.എക്സി.എൻജിനീയർ അനൂപ്, അസി.എൻജിനീയർ സുധാകരൻ, വാട്ടർ ബാലൻസ് പഠനം നടത്തിയ കൺസൽട്ടന്റ് സ്ഥാപനത്തിന്റെ പ്രതിനിധി രുചി കൽറ, രവീന്ദ്ര ഓക്, ക്വിൽ പ്രതിനിധിയായ തോമസ് മാത്യു എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചാണ് പഠനറിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കിയത്.
കനാൽ കാഞ്ഞങ്ങാട് നഗരസഭ വഴികോവളം ബേക്കൽ ജലപാതയുടെ അവസാന റീച്ചിലാണ് കനാൽ നിർമ്മാണവും നമ്പ്യാർക്കൽ ഭാഗത്ത് നാവിഗേഷൻ ലോക്കും വരേണ്ടത്. കാഞ്ഞങ്ങാട് നഗരസഭയിലെ കാരാട്ടുവയൽ വെള്ളായി തോട് വഴിയാണ് കനാൽ കടന്നുപോകുന്നത്. കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കൃത്രിമ കനാലിനും നമ്പ്യാർക്കൽ ഭാഗത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടി ആകെ 44.156 ഹെക്ടർ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചത് കാഞ്ഞങാട് നഗരസഭയുടെ ജലക്ഷാമത്തിനും ജലപാത വരുന്നതോടെ പരിഹാരമാവും.
നാല് പാലങ്ങൾകൃത്രിമ കനാൽ വരുമ്പോൾ ചിത്താരി പുഴയുടെ ഭാഗമായിട്ടുള്ള പാലങ്ങൾ പുതുക്കി പണിയേണ്ടതുണ്ട്. ഇതിൽ ആദ്യപരിഗണന അള്ളങ്കോട് പാലത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്. മഡിയൻ , അള്ളങ്കോട് , പാറക്കടവ് , ചിത്താരി എന്നിവിടങ്ങളിൽ റോഡ് പാലങ്ങളും നിർമ്മിക്കണം. കനാൽ വരുന്നതോടെ ജലപാതയുടെ ഇരു കരകളിലും വരുന്ന പ്രദേശങ്ങളിൽ അനന്തമായ ടൂറിസം വകിസനത്തിനും അവസരമൊരുങ്ങും .