വിഷബാധയെന്ന് സംശയം; കാലിത്തീറ്റ കഴിച്ച എട്ട് പശുക്കൾ ചത്തു

Share our post

ചാലോട്: കൂടാളി കോവൂർ‍ ഡെയറി ഫാമിൽ എട്ട് പശുക്കൾ ചത്തു. ഒരു പശു അവശ നിലയിൽ. കാലിത്തീറ്റയിൽ നിന്നു വിഷബാധയേറ്റുവെന്നാണു സംശയം. ചക്കരക്കൽ മാമ്പ സ്വദേശി കെ.പ്രതീഷ് നടത്തുന്ന ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 8 പശുക്കൾ ചത്തത്. കാലിത്തീറ്റ കഴിച്ചതാണു മരണ കാരണമെന്നാണ് ആരോപണം.

നവംബർ 18ന് ആണ് കേരള സർക്കാർ ഉൽപന്നമായ കേരള ഫീഡ്സിന്റെ 100 ചാക്ക് കാലിത്തീറ്റ ഫാമിലേക്ക് ഓർഡർ ചെയ്യുന്നത്. 21ന് വൈകിട്ടോടെ കാലിത്തീറ്റ ലഭിച്ചു. 3 ഷെഡുകളിലായി 150 ഓളം പശുക്കളാണ് ഇവിടെയുള്ളത്. അന്ന് വൈകിട്ടു തന്നെ ഒരു ഷെഡിലെ പശുക്കൾക്കു കാലിത്തീറ്റ നൽകി.

ഒരു ദിവസം കഴിഞ്ഞാണ് മറ്റ് 2 ഷെഡുകളിലെ പശുക്കൾക്കു കാലിത്തീറ്റ നൽകിയത്. 60 ചാക്ക് കാലിത്തീറ്റ പശുക്കൾക്കു നൽകിയിട്ടുണ്ട്. കാലിത്തീറ്റ കഴിച്ചതിന്റെ അടുത്ത ദിവസം മുതൽ പശുക്കൾ തീറ്റ കുറച്ചു. വയറിളക്കവും വന്നു.ആദ്യ ദിവസം മുതൽ കാലിത്തീറ്റ കഴിച്ച പശുക്കൾ കൂടുതൽ അവശരാകാൻ തുടങ്ങി.

27 മുതൽ ഭക്ഷണം കഴിക്കാതെയായി. 28ന് കാലിത്തീറ്റ കമ്പനിയിൽ നിന്ന് 3 ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കാലിത്തീറ്റയുടെ സാംപിൾ പരിശോധനയ്ക്കു കൊണ്ടു പോയി. 3 വലിയ പശുവും 5 കുട്ടികളുമാണ് ചത്തത്.

ഒരു പശു ഇപ്പോൾ അവശനിലയിലാണ്. ബക്കറ്റിൽ ബാക്കി വന്ന കാലിത്തീറ്റ ചാണകക്കുണ്ടിൽ ഇട്ടത് കഴിച്ച 5 കോഴികളും പിന്നാലെ ചത്തതായി ഫാം ഉടമ പറയുന്നു.കൂടാളി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ, ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. കാലിത്തീറ്റ നൽകുന്നതു നിർത്തുകയും ചികിത്സ നൽകുകയും ചെയ്തതോടെ ഫാമിലെ മറ്റു പശുക്കളുടെ ആരോഗ്യം പൂർവ സ്ഥിതിയിൽ ആയി വരികയാണെന്ന് ഉടമ പറഞ്ഞു.

“പശുക്കൾക്ക് ചോളവും തവിടും വൈക്കോലും പച്ചപ്പുല്ലും നൽകുന്നുണ്ട്. കാലിത്തീറ്റ നൽകിയതോടെയാണു പശുക്കൾ അവശ നിലയിലായത്. ഇതോടെ കാലിത്തീറ്റ മാറ്റി. പശുക്കൾക്ക് ചികിത്സയും നൽകിത്തുടങ്ങി. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതോടെ പാലിന്റെ അളവും കുറഞ്ഞു.

കാലിത്തീറ്റ കമ്പനിക്കാർ ഫാമിൽ എത്തിയിരുന്നു. പരിശോധയ്ക്കായി സാംപിൾ എടുത്തിട്ടാണ് പോയത്. കാലിത്തീറ്റ മടക്കി എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.” – കെ.പ്രതീഷ് (ഫാം ഉടമ)

“ചത്ത പശുവിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ഭക്ഷണം ദഹിക്കാത്തതാണു മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. പശുക്കൾക്കു നൽകിയ ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാതെ മരണ കാരണം ഉറപ്പിക്കാൻ കഴിയില്ല.

ഒന്നോ രണ്ടോ പശുക്കൾക്കാണു പ്രശ്നമെങ്കിൽ ഇൻഫെക്‌ഷൻ എന്ന് കരുതാം. ഇത് ഫാമിലെ മുഴുവൻ പശുക്കൾ‌ക്കും വയറിളക്കം ഉണ്ടായിരുന്നു. നൽകിയ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തിൽ സംശയം ഉണർത്തുന്നുണ്ട്.” – എൻ.ഷാക്കിറ (വെറ്ററിനറി സർജൻ, കൂടാളി ഡിസ്പെൻസറി)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!